മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ചും പട്ടിയുടെയോ പൂച്ചയുടെയോ അതുമല്ലെങ്കിൽ വീട്ടിൽ വളർത്തുന്ന പക്ഷികളുടെയോ ഒക്കെ വീഡിയോകൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യരുമായി വേഗത്തിൽ അടുത്ത മറ്റൊരു മൃഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്‍ഡിംഗ് നമ്പർ വൺ.
കുരങ്ങിൽ നിന്നാണ് പരിണാമം സംഭവിച്ചതാണ് നമ്മുടെ പൂർവികർ എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം നിലനിൽക്കുന്ന സമയത്ത് അത് ശരിയാണോ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഈ വീഡിയോയിൽ ഒരു കുരങ്ങനാണ് താരം. ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ സദ്വ ഗ്രാമത്തിൽ നിന്നുള്ളതാണ് വീഡിയോ. ഗ്രാമത്തിലെ ഒരു കർഷകന്റെ കുടുംബവും കഴിഞ്ഞ എട്ട് വർഷമായി അവരോടൊപ്പം താമസിക്കുന്ന റാണി എന്ന കുരങ്ങനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ കഥ പറയുന്നതാണ് ഈ വീഡിയോ.
‘‘ജോലി ചെയ്യുന്ന കുരങ്ങൻ” എന്നാണ് നാട്ടുകാർ സ്നേഹപൂർവം റാണിയേ വിളിക്കുന്നത്. റൊട്ടി പരത്തൽ, പാത്രം കഴുകൽ, വീടും പരിസരവും തൂത്ത് വൃത്തിയാക്കുക ഇങ്ങനെ പോകുന്നു റാണിയുടെ ജോലികൾ. ഒരു മടിയും കൂടാതെ വളരെ വൃത്തിയോടും ചിട്ടയോടും കൂടിയാണ് റാണി വീട്ടിലെ ജോലികൾ എല്ലാം ചെയ്തു തീർക്കുന്നത്.
റാണിയെ കുരങ്ങൻ എന്ന് വിളിക്കുന്നത് വീട്ടുകാർക്കോ റാണിക്കോ ഒട്ടും ഇഷ്ടമല്ല. മറിച്ച്, അവൾ അവരുടെ കുടുംബത്തിലെ ഒരംഗം തന്നെയാണ്. കുടുംബത്തിലെ മറ്റൊരു അംഗത്തെ പോലെ കാണാനാണ് നാട്ടുകാരോടും ഈ കർഷക കുടുംബം ആവശ്യപ്പെടുന്നത്. എന്തായാലും റാണിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിക്കുന്നുണ്ട്.
മനുഷ്യനോടൊപ്പം ബുദ്ധിയുള്ള മൃഗമാണ് കുരങ്ങൻ എന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്. അതിനാൽ കുരങ്ങന്മാർക്ക് മനുഷ്യരുമായി വേഗത്തിൽ അടുക്കാൻ സാധിക്കുംമെന്നു പറഞ്ഞവരും കുറവല്ല.