ഐപിഎല്‍ എല്ലായ്പ്പോഴും യുവാക്കളെ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ഒരു അടിത്തറയാണ്. പണസമൃദ്ധമായ ടൂര്‍ണമെന്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കോടികള്‍ മുടക്കുന്നവര്‍ വന്‍ പരാജയമായി മാറുന്ന ഐപിഎല്‍ പതിവിന് ഇത്തവണയും വലിയ മാറ്റമൊന്നും ഉണ്ടായില്ല. കോടികള്‍ ഒഴുക്കി ടീമുകള്‍ വാങ്ങിയ പ്രശസ്ത താരങ്ങളില്‍ പലരും പരാജയപ്പെട്ടു. ലേലത്തില്‍ മികച്ച പ്രതിഫലം കിട്ടിയ പലരും വേണ്ടസമയത്ത് ടീമിനെ തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടു.
ഇതില്‍ ഒന്നാമന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉപനായകനായി തെരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്താണ്. ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില കിട്ടിയ താരത്തെ സ്വന്തമാക്കിയത് ലക്നൗ സൂപ്പര്‍ ജയന്റ്സ് ആയിരുന്നു. അദ്ദേഹത്തെ സ്വന്തമാക്കാന്‍ എല്‍എസ്ജി 27 കോടി രൂപ ചെലവഴിച്ചു. എന്നാല്‍ പന്ത് ഫയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. 13 മത്സരങ്ങളില്‍ നിന്ന് 13.73 ശരാശരിയിലും 107.09 എന്ന മോശം സ്ട്രൈക്ക് റേറ്റിലും 151 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.
ജൂണില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോയ പേസര്‍ മുഹമ്മദ് ഷമിക്കായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10 കോടി രൂപയാണ് മുടക്കിയത്. പക്ഷേ ഷമിക്ക് 9 മത്സരങ്ങളില്‍ നിന്ന് 56.17 ശരാശരിയില്‍ 6 വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഏറ്റവും ചെലവേറിയ ബൗളറായിമാറുകയും ചെയ്തു. 11.23 എന്ന എക്കോണമി റേറ്റിലാണ് അദ്ദേഹം പന്തെറിഞ്ഞത്. പ്രാരംഭ പോരാട്ടങ്ങള്‍ക്ക് ശേഷം, എസ്ആര്‍എച്ച് അദ്ദേഹത്തെ ശേഷിക്കുന്ന മത്സരങ്ങളില്‍ പരിഗണിച്ചില്ല.
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിട്ടയച്ചതിന് ശേഷം നവംബറില്‍ നടന്ന ഐപിഎല്‍ 2025 ലേലത്തില്‍ പഞ്ചാബ് കിംഗ്സ് (പിബികെഎസ്) 4.20 കോടി രൂപയ്ക്ക് വാങ്ങി. എന്നാല്‍ തന്റെ വിലയെ ന്യായീകരിക്കാന്‍ മാക്സ്വെല്ലിന് കഴിഞ്ഞില്ല. 97.95 സ്ട്രൈക്ക് റേറ്റില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 48 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്, വിരലിന് പരിക്കേറ്റതോടെ അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ നിന്നു തന്നെ പുറത്താകേണ്ട സ്ഥിതി വരികയും ചെയ്തു.
കഴിഞ്ഞ സീസണില്‍ 234 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ ജേക്ക് ഫ്രേസറെ 9 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയത്. എന്നിരുന്നാലും, ഈ സീസണില്‍, എതിരാളികള്‍ അയാളെ പിടിച്ചുനിര്‍ത്താനുള്ള തന്ത്രങ്ങളുമായിട്ടാണ് കളിക്കാനിറങ്ങിയത്. ഈ സീസണില്‍ 105.76 എന്ന ദയനീയ സ്ട്രൈക്ക് റേറ്റില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 55 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഈ സീസണില്‍ ഓസ്ട്രേലിയന്‍ യുവ താരം പേസിനെതിരെ ശരിക്കും വിഷമിച്ചു. അദ്ദേഹത്തിന്റെ ആറ് പുറത്താക്കലുകളില്‍ അഞ്ചും ഫാസ്റ്റ് ബൗളര്‍മാരുടെ കൈകളിലായിരുന്നു
ന്യൂസിലന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്രയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 4 കോടി രൂപയ്ക്ക് വളരെ പ്രതീക്ഷയോടെയാണ് സ്വന്തമാക്കിയത്. എന്നാല്‍ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 191 റണ്‍സ് മാത്രമാണ് രവീന്ദ്രയുടെ ക്രെഡിറ്റില്‍ വന്നത്. ചെപ്പോക്കില്‍ നടന്ന സിഎസ്‌കെയുടെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 45 പന്തില്‍ 65 റണ്‍സ് നേടിയത് മാത്രമായിരുന്നു നേട്ടം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പേസിനെതിരെ പോരാടിയ രവീന്ദ്ര മികച്ച തുടക്കം നല്‍കിയയെങ്കിലും വലിയ ഇന്നിംഗ്‌സാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു .