ബംഗളുരു: നയങ്ങളെയും നിലപാടുകളെയുമാണ് ആര്‍.എസ്.എസ്. പിന്തുടരുന്നതെന്നും ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടികളെയല്ലെന്നും അധ്യക്ഷന്‍ ഡോ. മോഹന്‍ ഭാഗവത്.
അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നെങ്കില്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വോട്ട് കോണ്‍ഗ്രസിന് നല്‍കുമായിരുന്നു. സമൂഹത്തെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. ഭാഗവത്.
ആര്‍.എസ്.എസ് ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയെയും പിന്തുണയ്‌ക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. “ഞങ്ങള്‍ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുമില്ല. രാഷ്‌ട്രീയം വിഭജിക്കലിന്റേതാണ്. സംഘപരിവാറിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്. രാഷ്‌ട്രീയത്തെയല്ല, നയങ്ങളെയാണ് ഞങ്ങള്‍ പിന്തുണയ്‌ക്കുന്നത്. ഉദാഹരണത്തിന്, രാമക്ഷേത്രം വേണമെന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു. ബി.ജെ.പിയാണ് അതിനൊപ്പം നിന്നത്. രാമക്ഷേത്രം എന്ന ആശയത്തെ കോണ്‍ഗ്രസാണ് പിന്തുണച്ചിരുന്നതെങ്കില്‍ സ്വയംസേവകരുടെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചേനെ” – ഡോ. ഭാഗവത് പറഞ്ഞു.
“ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോട് സംഘപരിവാറിന് പ്രത്യേക അടുപ്പമില്ല. അങ്ങനെയൊരു സംഘ് പാര്‍ട്ടി ഇല്ല. എല്ലാം ഭാരതത്തിലെ പാര്‍ട്ടികളായതിനാല്‍ എല്ലാ പാര്‍ട്ടികളും ഞങ്ങളുടേതാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാഴ്‌ചപ്പാടുകളുണ്ട്. ഈ രാജ്യം ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന ധാരണയുണ്ട്. ആ ദിശയിലേക്ക് രാജ്യത്തെ നയിക്കാന്‍ കഴിവുള്ളവരെ ഞങ്ങള്‍ പിന്തുണയ്‌ക്കും” – അദ്ദേഹം പറഞ്ഞു.
മുസ്ലിങ്ങള്‍ക്ക് ആര്‍.എസ്.എസില്‍ ചേരാന്‍ അനുവാദമുണ്ടോ എന്ന ചോദ്യത്തിനും ഭാഗവത് മറുപടി നല്‍കി. “സംഘത്തില്‍ ബ്രാഹ്‌മണരടക്കം ഏതെങ്കിലും ജാതിയില്‍പ്പെട്ടവര്‍ക്കോ മുസ്ലിങ്ങള്‍ക്കോ ക്രിസ്‌ത്യാനികള്‍ക്കോ പ്രവേശനമില്ല. മുസ്ലിങ്ങളായാലും ക്രിസ്‌ത്യാനികളായാലും അവരുടെ വേര്‍തിരിവുകള്‍ പുറത്തുവെച്ച് സംഘത്തിലേക്ക് വരാം. ശാഖയിലേക്ക് വരുമ്പോള്‍ ഭാരതമാതാവിന്റെ പുത്രനായാണ് വരുന്നത്. മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും ശാഖയില്‍ വരുന്നുണ്ട്. പക്ഷേ, ഞങ്ങള്‍ അവരുടെ കണക്കെടുക്കുകയോ ആരാണെന്ന് ചോദിക്കുകയോ ചെയ്യാറില്ല” – അദ്ദേഹം വ്യക്‌തമാക്കി.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ നിയമങ്ങള്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നില്ല എന്നതിനാലാണ് ആര്‍.എസ്.എസ് ഇപ്പോഴും രജിസ്‌റ്റര്‍ ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. “വ്യക്‌തികളുടെ ഒരു കൂട്ടമാണ് സംഘം. ഞങ്ങളെ മൂന്നുതവണ നിരോധിച്ചു. ഓരോ തവണയും നിരോധനം കോടതി റദ്ദാക്കി. ഞങ്ങള്‍ ഭരണഘടനാ വിരുദ്ധരല്ല എന്നതിനാല്‍ത്തന്നെ രജിസ്‌ട്രേഷന്റെ ആവശ്യമില്ല. ഹിന്ദുമതംപോലും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. എതിര്‍ക്കും തോറും ശക്‌തിപ്പെടുന്ന സംഘടനയാണ് ആര്‍.എസ്.എസ്” – ഡോ. ഭാഗവത് കൂട്ടിച്ചേര്‍ത്തു.




