Featured Sports

‘അഭിഷേക് ശര്‍മ വെറും സ്​ലോഗര്‍, മികച്ച ബാറ്ററൊന്നുമല്ല; എട്ടില്‍ ഒരിന്നിങ്സ് കളിച്ചാലായി’! അപമാനിച്ച് മുന്‍ പാക് താരം

ഇന്ത്യൻ യുവതാരം അഭിഷേക് ശർമയ്ക്കെതിരെ പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരിക്കുകയാണ്. ഒരു പാകിസ്ഥാനി ചാനലിലെ ഷോയ്ക്കിടെയാണ് ആമിർ അഭിഷേകിനെ പരിഹസിച്ചത്. അഭിഷേക് വെറുമൊരു സ്ലോഗറാണെന്നും ബാറ്റിംഗിൽ സാങ്കേതികത്തികവില്ലെന്നുമാണ് ആമിറിന്റെ വാദം.

എട്ട് ഇന്നിങ്സുകളിൽ ഒന്നിൽ മാത്രമാണ് താരം നന്നായി കളിക്കുന്നതെന്നും, കിട്ടുന്ന പന്തുകളെല്ലാം അടിച്ചുപറത്താൻ ശ്രമിക്കുന്നതിനാൽ പുറത്താകാൻ സാധ്യത കൂടുതലാണെന്നും ആമിർ പറഞ്ഞു. ശരീരത്തോട് ചേർത്ത് പന്തെറിഞ്ഞാൽ അഭിഷേകിനെ എളുപ്പത്തിൽ പുറത്താക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോയിലുണ്ടായിരുന്ന റാഷിദ് ലത്തീഫും ആമിറിനെ പിന്തുണച്ചു. അഭിഷേക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ ഏകദിനത്തിലോ സജീവമല്ലെന്നും പ്രതിരോധിച്ചു കളിക്കേണ്ടി വന്നാൽ താരം പരാജയപ്പെടുമെന്നുമാണ് ലത്തീഫിന്റെ അഭിപ്രായം.

എന്നാൽ ഈ വിമർശനങ്ങൾക്കെതിരെ അഭിഷേകിന്റെ ആരാധകർ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ലോക ഒന്നാം നമ്പർ ട്വന്റി-20 ബാറ്ററായ താരത്തിന്റെ റെക്കോർഡുകൾ ചൂണ്ടിക്കാട്ടിയാണ് അവർ മറുപടി നൽകുന്നത്. 39 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 1297 റൺസ് അഭിഷേക് നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ നേടിയ 135 റൺസ് ഇതിൽ പ്രധാനമാണ്. നിലവിൽ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് താരം. ഇതുമൂലം നമീബിയയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസണാണ് കളിച്ചത്. രണ്ട് കിലോയോളം ശരീരഭാരം കുറഞ്ഞ അഭിഷേക് സുഖം പ്രാപിച്ചു വരികയാണ്. വരാനിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ താരം കളിക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *