Crime

ഭര്‍ത്താവ് വിലമതിക്കുന്നില്ല ; സോഡയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമം; ഭാര്യ അറസ്റ്റില്‍

ചെയ്തു കൊടുക്കുന്ന കാര്യങ്ങളില്‍ വിലമതിക്കുന്നില്ലെന്ന് ആരോപിച്ച് ഭാര്യ ഭര്‍ത്താവിനെ സോഡയില്‍ വിഷം ചേര്‍ത്ത് കൊല്ലാനൊരുങ്ങി. 47 കാരിയായ മിഷേല്‍ പീറ്റേഴ്സിനെ ഫസ്റ്റ്-ഡിഗ്രി ആക്രമണത്തിനും സായുധ ക്രിമിനല്‍ നടപടിക്കും അറസ്റ്റ് ചെയ്തു.

നിലവില്‍ ലാക്ലെഡ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലാണ് ഈ മിസൗറിക്കാരി. തന്റെ ഭര്‍ത്താവിനെ ഈ സ്ത്രീ മൗണ്ടന്‍ ഡ്യൂ സോഡയിലാണ് വിഷം നല്‍കി കൊല്ലാന്‍ നോക്കുന്നത്. താന്‍ ഭര്‍ത്താവിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളൊന്നും അയാള്‍ വിലമതിക്കാത്തതാണ് കാരണം.

മെയ്-ജൂണ്‍ മാസങ്ങളില്‍ പലതവണ ഭര്‍ത്താവിന്റെ സോഡയില്‍ വിഷാംശമുള്ള കളനാശിനിയായ റൗണ്ടപ്പ് രഹസ്യമായി ചേര്‍ത്തതായിട്ടാണ് ആരോപണം. തന്റെ ഡയറ്റ് സോഡയില്‍ വിചിത്രമായ രുചി കണ്ടെങ്കിലും അത് വകവയ്ക്കാതെ ഭര്‍ത്താവ് സോഡ ഉപയോഗിച്ചു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, തൊണ്ടവേദന, ചുമ, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ അയാള്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൗണ്ടന്‍ ഡ്യൂ കുടിച്ച വീട്ടിലെ ഏക അംഗം താനാണെന്ന് അറിഞ്ഞതോടെ, തന്റെ പാനീയത്തില്‍ ആരോ കൃത്രിമം കാണിക്കുന്നതായി ഭര്‍ത്താവിന് സംശയം തോന്നി.

ഭര്‍ത്താവ് തന്റെ രോഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പീറ്റേഴ്‌സ് അത് കോവിഡ് കാരണമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയും അവരുടെ പേരക്കുട്ടികളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അതോടെ പീറ്റേഴ്‌സിന്റെ ഉദ്ദേശ്യം തന്റെ 500,000 ഡോളര്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധപ്പെട്ടതാണെന്ന് ഭര്‍ത്താവിന് സംശയമായി.

ഗാരേജിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പാനീയങ്ങളില്‍ പലതവണ പീറ്റേഴ്സ് സ്‌പൈക്ക് ചെയ്യുന്നതിന്റെ വീഡിയോ തെളിവുകള്‍ അദ്ദേഹം പിന്നീട് കണ്ടെത്തി. പോലീസ് ചോദ്യം ചെയ്യുന്നതിനിടയില്‍ നല്‍കിയ വിശദീകരണത്തില്‍, ശീതളപാനീയത്തില്‍ റൗണ്ടപ്പ് കലര്‍ത്തിയെന്ന് പീറ്റേഴ്സ് സമ്മതിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.