മധ്യപ്രദേശിലെ ശിവ്പുരിയിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കിടയിൽ അരങ്ങേറുന്ന വ്യാപകമായ ക്രമക്കേടുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ശിവ്പുരി ജില്ലയിലെ ബൈരാഡ് മേഖലയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്.
പുറത്തുവന്ന ഒരു വീഡിയോയിൽ, പരീക്ഷാ കേന്ദ്രത്തിന്റെ മേൽക്കൂരയിൽ വലിഞ്ഞുകയറിയ രണ്ട് യുവാക്കൾ ഉള്ളിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് കോപ്പിയടിക്കാനുള്ള വിവരങ്ങൾ കൈമാറാൻ ശ്രമിക്കുന്നത് കാണാം. ആരോ തങ്ങളെ വീഡിയോയിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായതോടെ മുഖം മറച്ച് ഇവർ അവിടെനിന്നും ഓടിരക്ഷപ്പെട്ടു. മറ്റൊരു 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പരീക്ഷാ കേന്ദ്രത്തിന്റെ ചുറ്റുമതിലിന് പുറത്തുനിന്നുകൊണ്ട് രണ്ട് പേർ ഉള്ളിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞു കൊടുക്കുന്നതായും കാണാം.
ഏറ്റവും ഞെട്ടിക്കുന്നത് പരീക്ഷ എഴുതാൻ ആൾമാറാട്ടം നടത്തിയെന്ന ആരോപണമാണ്. പരീക്ഷാ കേന്ദ്രത്തിന് പുറത്തിരുന്ന ഒരു പെൺകുട്ടി, തനിക്ക് പകരം ‘സോനം’ എന്ന മറ്റൊരു പെൺകുട്ടിയാണ് അകത്ത് പരീക്ഷ എഴുതുന്നതെന്ന് വെളിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ‘ദീപ’ എന്നാണ് ഈ പെൺകുട്ടി സ്വയം പരിചയപ്പെടുത്തിയത്, എന്നാൽ ഈ അവകാശവാദത്തിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഈ സംഭവങ്ങളെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ട പരീക്ഷാ കേന്ദ്രങ്ങൾ സ്വകാര്യ സ്കൂളുകളിലാണ് പ്രവർത്തിക്കുന്നത്.
അതേസമയം, പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നതായി ഇതുവരെ സ്ഥിരീകരണമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ജില്ലയിലുടനീളം പരീക്ഷാ വെട്ടിപ്പുകൾ തടയാൻ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള വീഡിയോകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ആൾമാറാട്ടം സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ബൈരാഡ് ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ അവധേഷ് തോമർ പറഞ്ഞു. എങ്കിലും രണ്ട് സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.




