ബാഗ്പത് (യുപി): ബാഗ്പത് ജില്ലയിലെ ദോഘാട്ട് പ്രദേശത്ത് പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ട് പെൺകുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ അദ്ദേഹത്തിന്റെ രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇബ്രാഹിം നിരന്തരം ശകാരിക്കുന്നതും അടിക്കുന്നതുമാണ് തങ്ങളെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ മൊഴി.
ശനിയാഴ്ച ആൺകുട്ടികൾ പുരോഹിതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ചുറ്റിക കൊണ്ട് ആക്രമിക്കുകയും, കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്ന് പറഞ്ഞു. പള്ളിയിൽ ദൈനംദിന പാഠങ്ങൾക്കായി എത്തിയ ചില കുട്ടികൾ ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെൺമക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരുടെ മൃതദേഹങ്ങൾ ഗംഗ്നൗലി ഗ്രാമത്തിലെ പള്ളി വളപ്പിലുള്ള അവരുടെ വീട്ടിൽ കണ്ടെത്തിയതോടെയാണ് സംഭവം വെളിച്ചത്തുവന്നതെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) സൂരജ് കുമാർ റായ് പറഞ്ഞു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെടുത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഏഴ് പോലീസ് സംഘങ്ങളെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത്. വെറും ആറ് മണിക്കൂറിനുള്ളിൽ അവർ കേസ് തെളിയിച്ചു, പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും എസ്പി പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മുസാഫർനഗർ ജില്ലയിലെ സുന്ന ഗ്രാമത്തിൽ നിന്നുള്ള ഇബ്രാഹിം കഴിഞ്ഞ നാല് വർഷമായി ഗംഗ്നൗളിയിലെ ബാഡി മസ്ജിദിൽ സേവനമനുഷ്ഠിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഭാര്യ ഇസ്രാന പള്ളി വളപ്പിൽ കുട്ടികളെ പഠിപ്പിച്ചിരുന്നു.




