Oddly News

‘കോടീശ്വരനായ പിച്ചക്കാരന്‍’ സമ്പാദിച്ചത് 7.5 കോടി രൂപ ; സ്വന്തമായി രണ്ടു ഫ്ളാറ്റും ഒരു സ്റ്റേഷനറി സ്റ്റോറും

യാതൊരു മൂലധനവും വേണ്ടാതെ പണം സമ്പാദിക്കുന്ന ബിസിനസ്സ് എന്നാണ് ‘ഭിക്ഷാടന’ ത്തെ പരിഹസിച്ച് പറയാറ്. എന്നാല്‍ അതില്‍ ഒരു കഴമ്പുണ്ടെന്ന് തോന്നും ലോകത്തെ ഏറ്റവും ധനവാനായ ഭിക്ഷക്കാരന്റെ സമ്പത്തിനെക്കുറിച്ച് കേട്ടാല്‍. മുംബൈയിലെ ഭിക്ഷക്കാരില്‍ ഒരാളായ ഭാരത് ജെയിന്‍ ഭിക്ഷാടനത്തിലൂടെ കിട്ടിയ പണം മാത്രം സ്വരൂപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്ത് ഏഴരക്കോടിയായി ഉയര്‍ന്നു. മുംബൈയില്‍ ഒന്നരക്കോടി വീതം വില മതിക്കുന്ന രണ്ടു ഫ്ളാറ്റുകളും യാചകന്‍ ഭിക്ഷാടനത്തിലൂടെ മാത്രം സ്വന്തമാക്കി.

ഇതിന് പുറമേ ഭിക്ഷാടനത്തിലൂടെ നേടിയ പണം കൊണ്ടു തന്നെ സമ്പാദിച്ച ഒരു സ്റ്റേഷനറി സ്റ്റോറും സ്വന്തമായിട്ടുണ്ട്. പണവും സമ്പത്തും കൂടിയതോടെ മറ്റു കുടുംബാംഗങ്ങള്‍ക്ക് ഭിക്ഷാടനത്തോടൊരു പുച്ഛമൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അവര്‍ ഇനി ഈ പണിക്ക് പോകണ്ടന്ന് ബലം പിടിക്കുന്നുണ്ടെങ്കിലും തന്റെ ജോലി തുടരാന്‍ തന്നെയാണ് ജെയ്ന്റെ തീരുമാനം. ഇടവേളയെടുക്കാതെ ദിവസവും 12 മണിക്കൂറാണ് ജെയ്ന്‍ ഭിക്ഷയാചിക്കുന്നത്. ഇതിലൂടെ ദിവസവും 2,500 രൂപയാണ് സമ്പാദിക്കുന്നത്. 40 വര്‍ഷമായി തന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി ജെയ്ന്‍ കരുതുന്നത് ഭിക്ഷാടനമാണ്. ഇതിലൂടെ മാസം 75,000 രൂപ വീതം സമ്പാദിക്കാനുമാകുന്നു.

രണ്ടു ഫ്ളാറ്റുകളില്‍ നിന്നും താനെയിലെ രണ്ടു കടകളില്‍ നിന്നും വാടകയിനത്തില്‍ 30,000 രൂപ വീതവും കിട്ടുന്നു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും പിതാവിനും സഹോദരനും ഒപ്പമാണ് ഇയാള്‍ ജീവിക്കുന്നത. മക്കള്‍ വിദ്യാഭ്യാസം നേടിയത് മുംബൈയിലെ ഏറ്റവും പ്രശസ്തമായ കോണ്‍വെന്റ് സ്‌കൂളിലാണ്. രണ്ടുപേരും വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ കുടുംബത്തിനൊപ്പം സ്റ്റേഷനറി സ്റ്റോര്‍ നടത്തുകയാണ്. ഈ വര്‍ഷം ആദ്യം രാജസ്ഥാനിലെ ഒരു സ്ത്രീ തന്റെ അഞ്ച് കുട്ടികളെ ഭിക്ഷ യാചിക്കാന്‍ നിര്‍ബന്ധിച്ച് 45 ദിവസം കൊണ്ട് 2.5 ലക്ഷം രൂപ സമ്പാദിച്ചിരുന്നു.



രാജസ്ഥാനിലെ കോട്ടയില്‍ വസ്തു, ഇരുനില വീട്, മോട്ടോര്‍ സൈക്കിള്‍, 20,000 രൂപ വിലയുള്ള ഫോണ്‍ എന്നിവയുള്ള ഇന്ദ്ര ബായിക്ക് എതിരേ തന്റെ മക്കളെ ഭിക്ഷ യാചിക്കാന്‍ നിര്‍ബന്ധിച്ചതിന് കേസെടുത്തിരുന്നു. മക്കള്‍ക്ക് 10, 8, 7, 3, 2 വയസ്സുണ്ട്. ”പട്ടിണി കിടക്കുന്നതിനുപകരം ഞങ്ങള്‍ ഭിക്ഷാടനം തിരഞ്ഞെടുത്തു. ഇത് മോഷ്ടിക്കുന്നതിനേക്കാള്‍ നല്ലതാണ്.” സന്നദ്ധപ്രവര്‍ത്തകരോട് ഇന്ദ്ര ബായി പറഞ്ഞു.


ഇന്‍ഡോറിലെ തിരക്കേറിയ ലവ് കുഷ് സ്‌ക്വയറില്‍ ഭിക്ഷാടനത്തിനായി മുതിര്‍ന്ന കുട്ടികളെ യുവതി തന്ത്രപരമായി നിര്‍ത്തും. ഉജ്ജയിനിലെ പ്രശസ്തമായ മഹാകാല്‍ ക്ഷേത്രത്തിലേക്കാണ് ക്രോസിംഗ് നയിക്കുന്നത്. ഉജ്ജയിനിലേക്കുള്ള യാത്രാ കേന്ദ്രമായതിനാലാണ് താന്‍ സ്ഥലം തിരഞ്ഞെടുത്തതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പോകുന്ന തീര്‍ഥാടകര്‍ ഭിക്ഷ തേടുന്ന സ്ത്രീകളെയും കുട്ടികളെയും ഓടിക്കാന്‍ സാധ്യതയില്ലെന്നതാണ് ഇക്കാര്യത്തില്‍ ഇന്ദ്രാ ബായിയുടെ തന്ത്രം.