രണ്ട് ആണെലികളില്‍നിന്നു ചൈനീസ് ശാസ്‌ത്രജ്‌ഞര്‍ നിര്‍മിച്ച എലിക്കുഞ്ഞും ഒരു ‘പിതാവായി’. ഈ സാങ്കേതികവിദ്യ ലൈംഗിക ന്യൂനപക്ഷ ദമ്പതികള്‍ക്ക് കുട്ടികളെ ലഭിക്കാന്‍ വഴി തുറക്കും.
ഷാങ്‌ഹായ് ജിയാവോ ടോങ് സര്‍വകലാശാലയിലെ ഗവേഷകരാണു ആണെലികള്‍ക്കു കുഞ്ഞുങ്ങളെ സൃഷ്‌ടിച്ചത്. അണ്ഡത്തിലെ ന്യൂക്ലിയസ് നീക്കം ചെയ്‌തശേഷം രണ്ട് ആണെലികളുടെ ശുക്ലത്തിലെ കോശങ്ങള്‍ അതില്‍നിക്ഷേപിച്ചാണു എലിക്കുഞ്ഞുങ്ങളെ യാഥാര്‍ഥ്യമാക്കിയത്.
ജീന്‍ എഡിറ്റിങ് ഉപയോഗിച്ചു ശുക്ലകോശങ്ങളിലെ ഡി.എന്‍.എയെ പുനര്‍ക്രമീകരിച്ചിരുന്നു. രണ്ട് പിതാക്കന്മാരില്‍നിന്നുള്ള ജനിതക വസ്‌തുക്കളുള്ള ഭ്രൂണം ഒരു പെണ്‍ എലിയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റി. ഇങ്ങനെയുണ്ടായ എലിക്കുഞ്ഞുങ്ങളാണു പ്രായപൂര്‍ത്തിയായത്. അവ പെണ്ണെലിയുമായി ചേര്‍ന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി.
ഈ സാങ്കേതികവിദ്യ സ്വവര്‍ഗ പങ്കാളികളുള്ള പുരുഷന്മാര്‍ക്കു പ്രതീക്ഷ നല്‍കും. പക്ഷേ, മനുഷ്യരില്‍ ഇത്തരത്തിലുള്ള സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിനു മുമ്പ് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിദഗ്‌ധര്‍ വ്യക്‌തമാക്കി. മനുഷ്യരില്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ധാര്‍മ്മികമല്ലെന്ന വാദമുണ്ട്. ഇത്തരം സാങ്കേതിക വിദ്യയുടെ വിജയനിരക്കും കുറവാണ്.
പെണ്‍ എലികളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച 259 എലി ഭ്രൂണങ്ങളില്‍, രണ്ടെണ്ണം മാത്രമാണ് അതിജീവിച്ചത്. 2023ലാണു രണ്ട് ജൈവ പിതാക്കന്മാരില്‍നിന്ന് എലികളെ സൃഷ്‌ടിക്കുന്ന പരീക്ഷണം വിജയമായത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, മറ്റൊരു ചൈനീസ് ഗവേഷണ സംഘം അവരുടെ മൂലകോശങ്ങളിലെ 20 വ്യത്യസ്‌ത ജീനുകള്‍ എഡിറ്റ് ചെയ്‌തുകൊണ്ട് രണ്ട് പിതാക്കന്മാരുള്ള എലികളെ സൃഷ്‌ടിച്ചിരുന്നു. അവയ്‌ക്കു പ്രത്യുല്‍പാദന ശക്‌തിയുണ്ടായിരുന്നില്ല.




