Featured Good News

തന്റെ നിധിക്ക് ഓക്സ്ഫോർഡ് നൽകിയ ബ്ലാങ്ക് ചെക്ക് നിരസിച്ച മലയാളി; അത് സൗജന്യമായി നൽകിയത്…

ഇന്ത്യയിൽ പല എഴുത്തുകാരും അവരുടെ സര്‍ഗസംഭാവനകളാൽ ഇന്നും ഓർമ്മിക്കപ്പെടുന്നുണ്ട്. അവരിൽ പലരും ചരിത്രത്തോടുള്ള തങ്ങളുടെ അഭിനിവേശം നമുക്ക് പൈതൃകമായി അവശേഷിപ്പിച്ചു പോയവരാണ്. അത്തരത്തിലൊരാളായിരുന്നു പരമേശ്വരൻ തങ്കപ്പൻ നായർ. കൊൽക്കത്തയുടെ ‘നഗ്നപാദനായ ചരിത്രകാരൻ’ (Barefoot Historian of Kolkata) എന്നറിയപ്പെട്ടിരുന്ന തങ്കപ്പൻ നായർ എഴുത്തുകാരനും സ്വതന്ത്ര ഗവേഷകനും ചരിത്രകാരനുമായിരുന്നു. 1933-ൽ കേരളത്തിൽ ജനിച്ച അദ്ദേഹം കൊൽക്കത്തയുടെ ചരിത്രത്തെക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ ‘ഗാന്ധിജി ഇൻ കൊൽക്കത്ത’ എന്ന പുസ്തകം ഉൾപ്പെടെ 61 പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബെയര്‍ ഫൂട്ട് ഹിസ്റ്റോറിയന്‍ ഓഫ് കല്‍ക്കത്ത എന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത് ബിബിസി അദ്ദേഹത്തെ കുറിച്ച് പ്രത്യേക പരിപാടി തന്നെ അവതരിപ്പിക്കുകയുണ്ടായി. ചെരുപ്പിടാത്ത ചരിത്ര അന്വേഷണങ്ങള്‍ നടത്തിയ ഒരു വ്യക്തിയെ അന്ന് ലോകം ബിബിസിയിലൂടെ അറിഞ്ഞു. പക്ഷേ മലയാളിക്ക് തങ്കപ്പന്‍ നായര്‍ അപരിചിതനായിരിക്കും. ബംഗാളികള്‍ക്ക് എല്ലാം പക്ഷേ സുപരിചിതന്‍.

പി. തങ്കപ്പൻ നായരുടെ ഔദ്യോഗിക ജീവിതം

1933 ഏപ്രില്‍ 30ന് ശങ്കരാചാര്യരുടെ നാടായ കാലടിയിലെ മഞ്ഞപ്രയില്‍ ചങ്ങനാട്ട് വീട്ടിലാണ് പരമേശ്വരന്‍ തങ്കപ്പന്‍ നായര്‍ എന്ന പി. ടി നായരുടെ ജനനം. ആലുവയിൽ നിന്നാണ് അദ്ദേഹം മെട്രിക്കുലേഷൻ പൂർത്തിയാക്കിയത്. മഞ്ഞപ്ര ഗ്രാമത്തിലെ വീട്ടില്‍ നിന്നും വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളുമടങ്ങിയ ഒരു ബാഗുമായി ഇറങ്ങിയ തങ്കപ്പന്‍ നായര്‍ അന്നത്തെ കൽക്കട്ടയിലെ ഹൗറ റെയിൽവേ സ്റ്റേഷനില്‍ മദ്രാസ് മെയിലില്‍ വന്നിറങ്ങിയത് 1950 ല്‍. രണ്ട് വര്‍ഷത്തോളം കേരളത്തില്‍ നടത്തിയ ജോലി അന്വേഷണം പരാജയപ്പെട്ടപ്പോഴാണ് അദ്ദേഹം മഹാനഗരമായ കല്‍ക്കട്ടയിലേക്കുള്ള വണ്ടിയില്‍ കയറിയത്.

കൊൽക്കത്ത സർവ്വകലാശാലയിൽ നിന്ന് ബി.എ, എൽ.എൽ.ബി ബിരുദങ്ങൾ നേടിയ അദ്ദേഹം 125 രൂപ ശമ്പളത്തിൽ ഒരു ടൈപ്പിസ്റ്റായാണ് ജീവിതം ആരംഭിച്ചത്. അതുവരെ ആരും കാര്യമായി പര്യവേഷണം നടത്താത്ത ഒരു വിഷയമായതിനാലാണ് നായർ നഗരത്തിന്റെ ചരിത്രത്തെക്കുറിച്ച് എഴുതാൻ തിരഞ്ഞെടുത്തത്. 1950 മുതല്‍ ആറ് പതിറ്റാണ്ടോളം കൊല്‍ക്കത്തയുടെ ജീവസ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹം അടുത്ത അഞ്ച് പതിറ്റാണ്ടുകൾ നഗരത്തെക്കുറിച്ച് ഗവേഷണം നടത്തുകയും എഴുതുകയും ചെയ്തു.

ഇടയ്ക്ക് കുറച്ച് കാലം അദ്ദേഹം ഗുവാഹത്തിയിലും മുംബൈയിലും ജോലി ചെയ്തെങ്കിലും കല്‍ക്കത്ത ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഓരോ യാത്രയും അദ്ദേഹത്തെ തിരികെ കല്‍ക്കത്തയിലേക്ക് തന്നെ എത്തിച്ചു. നഗരത്തിലെ ആദ്യ കാലം മുഴുവനും അദ്ദേഹം ചരിത്രം തേടി അലയുകയായിരുന്നു. 1976 മുതൽ ഭവാനിപൂരിലെ കൻസരിപാറ റോഡിലെ രണ്ട് മുറി വാടക വീട്ടിലെ അസൗകര്യത്തിലിരുന്ന് കല്‍ക്കത്തയുടെ ഭൂതകാലം തേടി. കണ്ടെത്തിയ ചരിത്രം പുസ്തകങ്ങളിലൂടെ പുതിയ തലമുറയ്ക്കായി പകര്‍ന്നു.

ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ ബ്ലാങ്ക് ചെക്ക് നായർ നിരസിച്ചപ്പോൾ

അപൂർവ്വമായ പുസ്തകങ്ങളുടെ വലിയൊരു ശേഖരം നായരുടെ പക്കലുണ്ടായിരുന്നു. അക്കാലത്ത്, ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഓക്സ്ഫോർഡ് ലൈബ്രറി ഈ പുസ്തകങ്ങൾ വാങ്ങുന്നതിനായി അദ്ദേഹത്തിന് ഒരു ബ്ലാങ്ക് ചെക്ക് അയച്ചുകൊടുത്തതായി പറയപ്പെടുന്നു. എന്നാൽ, ആ പുസ്തകശേഖരം വിൽക്കുന്നതിന് പകരം കൊൽക്കത്ത ടൗൺ ഹാൾ സൊസൈറ്റിക്ക് സൗജന്യമായി നൽകാനാണ് അദ്ദേഹം തീരുമാനിച്ചത്.

‘നായർ ബാബു’ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെട്ടിരുന്ന അദ്ദേഹം തന്റെ 1964-ലെ റെമിംഗ്ടൺ ടൈപ്പ്റൈറ്ററാണ് എഴുത്തിനായി ഉപയോഗിച്ചിരുന്നത്. കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് തെക്കൻ കൊൽക്കത്തയിലെ ഭവാനിപ്പൂരിലുള്ള 82 സി, കാൻസരിപ്പാറ റോഡിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

1977 ല്‍ തങ്കപ്പന്‍ നായരെഴുതിയ ‘ജോബ് ചാർണോക് ഫൌണ്ടർ ഓഫ് കല്‍ക്കട്ട’ എന്ന പുസ്തകത്തിന് ലഭിച്ച പ്രചാരം 1990 ല്‍, അപ്പോഴേക്കും പുതിയ പേരില്‍ (കൊല്‍ക്കത്ത) അറിയപ്പെട്ട നഗരത്തിന്‍റെ നൂറാം വര്‍ഷികാഘോത്തിന് കാരണമായി. കാവിമുണ്ടും ഉടുത്ത് കാല്‍നടയായി തെരുവില്‍ നിന്നും തെരുവിലേക്ക് നഗര ചരിത്രം തേടി നടന്ന് പോയ ആ മലയാളിയെ ബംഗാളി, ഒരിക്കലും ഒരു കുടിയേറ്റക്കാരനായി കണ്ടിരുന്നില്ലെന്നത് മറ്റൊരു ചരിത്രം

ബർദ്വാൻ സർവ്വകലാശാല അദ്ദേഹത്തെ ഡി.ലിറ്റ് (D.Litt.) ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 2024 ജൂൺ 18-ന് 91-ാം വയസ്സിൽ കേരളത്തിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. എറണാകുളം എളന്തിക്കര ഹൈസ്കൂള്‍ റിട്ട അധ്യാപിക സീതാദേവിയാണ് ഭാര്യ, മായ നായര്‍, മനോജ് നായര്‍ എന്നിവര്‍ മക്കള്‍.