Celebrity Featured

92 കോടി; ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റി ഈ സൂപ്പര്‍താരം

2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോര്‍ച്യൂണ്‍ ഇന്ത്യ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ സമ്പന്നരുടെ മൂല്യത്തെ കുറിച്ച് മാത്രമല്ലായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ നല്‍കിയ നികുതികളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരും സ്വാധീനമുള്ളവരുമായ ആളുകളുടെ നികുതി പേയ്മെന്റുകള്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റികളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, മുന്‍കൂര്‍ നികുതിയായി 92 കോടി രൂപയാണ് താരം നല്‍കിയത്. ഷാരൂഖ് ഖാന് തൊട്ടുപിന്നില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് ആണ്. 80 കോടി രൂപയാണ് താരം നികുതി ഇനത്തില്‍ അടച്ചത്. സല്‍മാന്‍ ഖാന്‍ 75 കോടി, അമിതാഭ് ബച്ചന്‍ 71 കോടി, ക്രിക്കറ്റ് ഐക്കണ്‍ വിരാട് കോഹ്ലി  66 കോടി എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. അജയ് ദേവ്ഗണ്‍, രണ്‍ബീര്‍ കപൂര്‍, ഹൃത്വിക് റോഷന്‍, ഷാഹിദ് കപൂര്‍, പങ്കജ് ത്രിപാഠി എന്നിവരും വന്‍ തുക നികുതി അടച്ച താരങ്ങളാണ്.

കരീന കപൂര്‍ 20 കോടിയും കത്രീന കൈഫ് 11 കോടിയും മുന്‍കൂര്‍ നികുതിയായി നല്‍കിയതോടെ നികുതി അടച്ചതിന്റെ അടിസ്ഥാനത്തില്‍ ബോളിവുഡിലെ ഏറ്റവും സമ്പന്നരായ നടിമാരില്‍ ഈ രണ്ടുപേരും ഉള്‍പ്പെടുന്നു. കായിക ലോകത്ത്, മൊത്തം 66 കോടി രൂപയുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി നികുതി അടക്കുന്ന പട്ടികയില്‍ ഒന്നാമതെത്തി. രാജ്യത്തെ ഏറ്റവും ധനികനായ കളിക്കാരനായും അദ്ദേഹം ഉയര്‍ന്നു. 38 കോടി രൂപ നല്‍കിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയും പിന്നാലെയുണ്ട്.

മറ്റ് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വളര്‍ന്നുവരുന്ന താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരും മികച്ച നികുതിദായകരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള മുന്‍കൂര്‍ നികുതിയിനത്തില്‍ 26 കോടി രൂപയുമായി ഹാസ്യനടന്‍ കപില്‍ ശര്‍മ്മയാണ് നികുതി പേയ്മെന്റിന്റെ കാര്യത്തില്‍ മികച്ച ടിവി താരമായി മുന്നിലുള്ളത്.