മാവേലിക്കര: കായംകുളത്ത് അഭിഭാഷകന്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ മാവേലിക്കരയില്‍ മകന്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി. നഗരസഭ 12-ാം വാര്‍ഡ് മുന്‍ കൗണ്‍സിലറും സി.പി.ഐ. നേതാവുമായിരുന്ന കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജ(67)നാണ് കൊല്ലപ്പെട്ടത്. ഏക മകന്‍ കൃഷ്‌ണദാസി(ഉണ്ണി-37)നെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കനകമ്മ മൃഗീയമായ മര്‍ദനത്തിന് ഇരയായതായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായി. കഴുത്തിന്റെ അസ്‌ഥികള്‍ പൊട്ടി. വാരിയെല്ലുകള്‍ പൂര്‍ണമായി ഒടിഞ്ഞ് കരളിലേക്കും ശ്വാസകോശത്തിലേക്കും തറച്ചുകയറി. തലയ്‌ക്കേറ്റ അടിയില്‍ ആന്തരിക രക്‌തസ്രാവം ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.
കിടപ്പുമുറിയില്‍ കട്ടിലില്‍ കമിഴ്‌ന്ന നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്‌റ്റില്‍ ദേഹത്ത് പാടുകളും മറ്റും കണ്ടെത്തി. കട്ടിലിലും മുറിയിലും ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.
ഇന്നലെ രാവിലെ 8.30 നാണ് സംഭവം പുറംലോകമറിയുന്നത്. അമ്മയുടെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനെ വിളിച്ച് കൃഷ്‌ണദാസ് തന്നെയാണ് വിവരം പറഞ്ഞത്. അദ്ദേഹം പോലീസിനെ അറിയിച്ചു. പോലീസ് കൃഷ്‌ണദാസിനെ വിളിച്ചപ്പോള്‍ കൊലപാതകം നടത്തിയതായും കീഴടങ്ങാന്‍ സ്‌റ്റേഷനിലേക്ക് എത്തുകയാണെന്നും പറഞ്ഞു. പിന്നീട് മാവേലിക്കര റെയില്‍വേ ലെവല്‍ ക്രോസിനു സമീപത്തെ ചായക്കടയില്‍നിന്നാണ് പോലീസ് ഇയാളെ കസ്‌റ്റഡിയില്‍ എടുത്തത്. സി.ഐ: സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസും വിരലടയാള വിദഗ്‌ദരും ശാസ്‌ത്രീയ പരിശോധനാ സംഘവും സ്‌ഥലത്ത് പരിശോധന നടത്തി.
ഏഴിനു വൈകിട്ട് നാലിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ് കൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. കൃഷ്‌ണദാസിനെ മാവേലിക്കര ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
അമ്മയും കൃഷ്‌ണദാസുമായി വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തന്റെ വിവാഹം വേര്‍പിരിയാനുള്ള കാരണക്കാരി അമ്മയാണെന്ന് കൃഷ്‌ണദാസ് ആരോപിച്ചിരുന്നു. വേര്‍പിരിയലിനുശേഷവും മുന്‍ ഭാര്യയുമായി കൃഷ്‌ണദാസിനു ബന്ധമുണ്ടായിരുന്നു. അവരെ തിരികെ കൊണ്ടുവരുന്ന കാര്യങ്ങളെ ചൊല്ലി അമ്മയുമായി കലഹങ്ങള്‍ പതിവായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മകനുമായി പിണങ്ങി കനകമ്മ ബന്ധുവീടുകളിലായിരുന്നു പലപ്പോഴും താമസം. ദിവസങ്ങള്‍ക്കു മുന്‍പാണ് കൃഷ്‌ണദാസ് അമ്മയെ വീണ്ടും വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്. ഇതിനുശേഷം കൊറ്റാര്‍കാവില്‍ അമ്മയുടെ ഉടമസ്‌ഥതയിലുള്ള ഭൂമി വിറ്റ് അതിന്റെ പണം തനിക്ക് തരണമെന്ന് കൃഷ്‌ണദാസ് ആവശ്യപ്പെട്ടു.
കുറച്ച് ദിവസങ്ങളായി ഇതിന്റെ പേരിലും തര്‍ക്കങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ച് ഇന്നലെ ഭൂമി വില്‍പ്പയ്‌ക്കുള്ള എഴുത്തുകുത്തുകള്‍ നടത്തുകയാണെന്ന് കനകമ്മ സഹോദരന്‍ ശശിധരനെയും സഹോദരപത്‌നി രമയെയും വിളിച്ചു പറഞ്ഞിരുന്നു. അമ്മ വസ്‌തു വില്‍ക്കാന്‍ സമ്മതിച്ചെന്നും അത് മുടക്കരുതെന്നും കൃഷ്‌ണദാസും ഇവരെ വിളിച്ച് ആവശ്യപ്പെട്ടു. വസ്‌തു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ അനുമാനിക്കുന്നത്.




