മാര്‍ഷല്‍ ഐലന്‍ഡ്‌സ് റിപ്പബ്ലിക്കിലെ രണ്ട് ചെറിയ ദ്വീപുകള്‍ ഒരു വലിയ പാരിസ്ഥിതിക പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിക്കുന്നു. പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി ദ്വീപുകള്‍ പുനഃസ്ഥാപിക്കുക എന്ന ദൗത്യമുള്ള ആഗോള ലാഭേച്ഛയില്ലാത്ത സംഘടനയായ ‘ഐലന്‍ഡ് കണ്‍സര്‍വേഷന്‍’ ദ്വീപുകളിലെ ജീവജാലങ്ങളുടെ ജീവിതത്തിന് വലിയ വെല്ലുവിളിയായ ആക്രമണകാരികളായ തുരപ്പനെലികളെയും പന്നിയെലികളെയും വിജയകരമായി ഇല്ലാതാക്കി. ഇത് ബിക്കാര്‍ അറ്റോളിലെയും ജെമോ ഐലറ്റിലെയും തദ്ദേശീയ വനങ്ങളെയും കടല്‍പ്പക്ഷികളെയും വീണ്ടെടുക്കാന്‍ സഹായകരമായി.
ഒരു വര്‍ഷം മുമ്പായിരുന്നു എലികളെ തുരത്താന്‍ ഐലന്‍ഡ് കണ്‍സര്‍വേഷന്‍ പണി തുടങ്ങിയത്. തദ്ദേശീയ വന്യജീവികള്‍ക്ക് ദോഷം വരുത്താത്ത വിഷം ഉപയോഗിച്ച് എലികളെ നീക്കം ചെയ്യുന്നതില്‍ വിജയം നേടി. രാജ്യത്തെ ഏറ്റവും ചെറിയ അറ്റോളുകളില്‍ ഒന്നായ ബിക്കാര്‍ അറ്റോള്‍, തലസ്ഥാനമായ മജുറോയില്‍ നിന്ന് 360 മൈല്‍ (580 കിലോമീറ്റര്‍) വടക്ക് സ്ഥിതിചെയ്യുന്നു. 14 ചതുരശ്ര മൈലാണ് വിസ്തൃതി.
16 ഹെക്ടര്‍ വിസ്തൃതിയുള്ള ഒരു ജനവാസമുള്ള പവിഴപ്പുറ്റ് ദ്വീപാണ് ജെമോ ഐലറ്റ്, ഇത് പച്ച കടലാമകളുടെയും കടല്‍പ്പക്ഷി സങ്കേതത്തിന്റെയും പ്രധാന പ്രജനനകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ഈ രണ്ട് ഭൂപ്രദേശങ്ങളിലും കറുത്ത എലികള്‍ പോലുള്ള അധിനിവേശ ജീവിവര്‍ഗങ്ങളുടെ വരവോടെ, തദ്ദേശീയ സസ്യങ്ങള്‍, കടല്‍പ്പക്ഷികള്‍, മറ്റ് മൃഗങ്ങള്‍ എന്നിവകള്‍ തുടച്ചുമാറ്റപ്പെട്ടിരുന്നു.
ആമകള്‍ക്ക് പുറമേ, ജെമോ തലമുറകളായി ഒത്തുചേരാനും വേട്ടയാടാനുമുള്ള ഒരു സ്ഥലമായി ഉപയോഗിച്ചിരുന്നു, എന്നാല്‍ എലികള്‍ വന്നതിനുശേഷം ഇവിടം ഒരു പാരിസ്ഥിതിക ശ്മശാനം പോലെയായി മാറി. എന്നാല്‍ ഡസന്‍ കണക്കിന് ദ്വീപുകളില്‍ ഇതിനകം തന്നെ ഐലന്‍ഡ് കണ്‍സര്‍വേഷന്‍ എലികളെ ഉന്മൂലനം ചെയ്തു. ഒരു വര്‍ഷത്തിനുശേഷം, ഐലന്‍ഡ് കണ്‍സര്‍വേഷന്‍, മാര്‍ഷല്‍ ഐലന്‍ഡ്‌സ് മറൈന്‍ റിസോഴ്സസ് അതോറിറ്റി, പ്രകൃതിവിഭവ, വാണിജ്യ മന്ത്രാലയം വന്യജീവികള്‍ തിരിച്ചുവരികയാണെന്നും കണ്ടെത്തി.
തദ്ദേശീയ കടല്‍പ്പക്ഷികളുടെ എണ്ണം വീണ്ടെടുക്കുന്നത് കരയും കടലും തമ്മിലുള്ള ബന്ധത്തെ പോസിറ്റീവായി സ്വാധീനിച്ചു. കടല്‍പ്പക്ഷികളുടെ കാഷ്ഠത്തില്‍ നിന്നുള്ള പോഷകങ്ങള്‍ സസ്യങ്ങളുടെ ജനസംഖ്യയ്ക്ക് പ്രകൃതിദത്ത വളമായി നിര്‍ണായക പങ്ക് വഹിക്കുന്നു, ഇത് പ്രാദേശിക ഭക്ഷ്യവലയത്തെ ഉറപ്പിക്കുന്നു. എലികളുടെ ആക്രമണം നിരവധി വര്‍ഷങ്ങളായി ലിക്കീപ് ജനതയ്ക്ക് ജെമോയുടെ ഉപയോഗപ്രദമായ വിഭവങ്ങള്‍ ഇല്ലാതാക്കിയിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് വിഷം വിതറിയും വിഷം കലര്‍ന്ന ആഹാരം വെച്ചുമാണ് എലികളെ നീക്കം ചെയ്തത്. 2022 മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ദ്വീപിന് ജീവന്‍ നല്‍കാന്‍ ഇടയായത്.




