Movie News

വിശാലിന് മാര്‍ക്ക് ആന്റണി ഗുണമാകുന്നു; സിനിമ 100 കോടി ക്ലബ്ബിലേക്ക്, കൂട്ടത്തില്‍ വിവാദവും

തമിഴ്‌നടന്‍ വിശാലിന് പുതിയചിത്രം മാര്‍ക്ക് ആന്റണി വലിയ നേട്ടമായി മാറുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് സെപ്റ്റംബര്‍ 15 ന് റിലീസ് ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. തമിഴ് നാട്ടില്‍ 50 കോടിയിലേറെ രൂപ നേടിയ ചിത്രം ഇതുവരെ ഏകദേശം 97 കോടി നേടിക്കഴിഞ്ഞതായിട്ടാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും.

‘ചന്ദ്രമുഖി 2’, ‘ഇരൈവന്‍’, ‘ചിത്ര’ തുടങ്ങിയ പുതിയ റിലീസുകള്‍ക്കിടയിലും ചിത്രം ഇപ്പോഴും മികച്ച സ്‌ക്രീനുകള്‍ നിലനിര്‍ത്തുന്നതിനാല്‍ 100 കോടി ക്ലബില്‍ ചേരാനുള്ള തമിഴ് അഭിനേതാക്കളുടെ പട്ടികയില്‍ വിശാല്‍ ചേരും. അതിനിടയില്‍ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും പുറത്തുവന്നിട്ടുണ്ട്.

തന്റെ സിനിമയുടെ ഹിന്ദി സെന്‍സറിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) 6.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വിശാല്‍ ആരോപിച്ചിട്ടുണ്ട്. സിനിമ ബോക്‌സ് ഓഫീസില്‍ വിജയകരമായി തുടരുന്നതിനിടയില്‍ ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പും പുറത്തിറക്കാനാണ് ഉദ്ദേശമുണ്ട്. ഇതിനിടയിലാണ് ഗുരുതരമായ ആരോപണം നടന്‍ നടത്തിയിട്ടുള്ളത്. വിശാലിന്‍റെ ആരോപണത്തിന് പിന്നാലെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ഇത് സംബന്ധിച്ച് മന്ത്രാലയം എക്സ് അക്കൌണ്ട് വഴി അന്വേഷണം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു

തന്റെ എക്‌സ് ഹാന്‍ഡില്‍ (മുമ്പ് ട്വിറ്റര്‍) വിഷയം വിശദീകരിച്ച് ഒരു നീണ്ട പ്രസ്താവനയും ഒരു വീഡിയോയും നടന്‍ പങ്കിട്ടു. ”അഴിമതി വെള്ളിത്തിരയില്‍ കാണിക്കുന്നത് നല്ലതാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്ര ദഹിക്കുന്നില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. അതിലും മോശം സിബിഎഫ്‌സി മുംബൈ ഓഫീസില്‍ സംഭവിക്കുന്നു. എന്റെ സിനിമ മാര്‍ക്ക് ആന്റണിയുടെ പതിപ്പിന് 6.5 ലക്ഷം നല്‍കേണ്ടി വന്നു. രണ്ട് ഇടപാടുകള്‍. സ്‌ക്രീനിംഗിന് 3 ലക്ഷവും സര്‍ട്ടിഫിക്കറ്റിന് 3.5 ലക്ഷവും.”

കരിയറില്‍ ഒരിക്കലും ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട എന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടേയും ശ്രദ്ധയില്‍ പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്കല്ല, ഭാവിയിലെ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയാണ്. ഞാന്‍ അധ്വാനിച്ച പണം അഴിമതിക്കായി പോകാന്‍ സമ്മതിക്കില്ല.” താരം കുറിച്ചു.