Oddly News

മകള്‍ക്കു പകരം അമ്മ; നിക്കാഹിനിടയ്ക്ക് മുഖാവരണം നീക്കിയപ്പോള്‍ വധുവിന്റെ വിധവയായ അമ്മ !

ലഖ്‌നൗ: യുവാവിന്റെ വിവാഹമുറപ്പിച്ചത് 21-കാരിയുമായി. എന്നാല്‍ നിക്കാഹ് ചടങ്ങിനെത്തിയപ്പോള്‍ വധുവിന്റെ വേഷത്തിലെത്തിയതാകട്ടെ 21-കാരിയുടെ വിധവയായ അമ്മയും. ഉത്തര്‍ പ്രദേശിലെ ശാമലിയിലാണ് സംഭവം.

22-കാരനായ മൊഹമ്മദ് അസീം എന്ന യുവാവാണ് പ്രതിശ്രുത വധുവിന്റെ സ്ഥാനത്ത് അവരുടെ അമ്മയായ 45-കാരിയെ വിവാഹവേഷത്തില്‍ കണ്ട് ഞെട്ടിയത്. മീററ്റിലെ ബ്രഹ്‌മപുരി സ്വദേശിയാണ് അസീം.

തന്റെ ജ്യേഷ്ഠന്‍ നദീമും അദ്ദേഹത്തിന്റെ ഭാര്യ ഷൈദയും ചേര്‍ന്നാണ് മന്‍താഷ എന്ന 21-കാരിയുമായി വിവാഹം ഉറപ്പിച്ചതെന്ന് അസീം പറയുന്നു. മാര്‍ച്ച് 31-നായിരുന്നു ഇത്. ഷൈദയുടെ അനന്തരവളായിരുന്നു ഫസല്‍പുര്‍ സ്വദേശിയായ മന്‍താഷ.

നിക്കാഹ് ചടങ്ങ് പുരോഗമിക്കവേ വധുവിന്റെ പേര് താഹിറ എന്ന് മൗലവി പറഞ്ഞതോടെയാണ് അസീമിന് പന്തികേട് തോന്നിയത്. ഇതോടെ വധുവിന്റെ മുഖാവരണം അസീം നീക്കി. അപ്പോഴാണ് വധുവിന്റെ സ്ഥാനത്ത് മന്‍താഷയുടെ അമ്മയെ കണ്ടത്.

വിവാഹവുമായി മുന്നോട്ടുപോകാനോ വധുവിനെ ഒപ്പം കൊണ്ടുപോകാനോ തയ്യാറായല്ലെന്ന് പറഞ്ഞതോടെ വ്യാജ ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് നദീമും ഷൈദയും ഭീഷണിപ്പെടുത്തിയെന്ന് അസീം പോലീസിനോട് പറഞ്ഞു.

വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമാവുകയും നിയമനടപടികള്‍ എന്തെങ്കിലും വരുമോ എന്ന് പേടിക്കുകയും ചെയ്തതോടെ അസീം വീട്ടിലേക്ക് മടങ്ങുകയും മീററ്റിലെ എസ്എസ്പി ഓഫീസിലെത്തി വ്യാഴാഴ്ച പരാതി നല്‍കുകയുമായിരുന്നു. പരാതി ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും മീററ്റ് എസ്എസ്പി ഡോ. വിപിന്‍ താട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *