യുഎസിൽ കോടികൾ വിലമതിക്കുന്ന ഡയമണ്ട് കമ്മലുകൾ വിഴുങ്ങി യുവാവ്. ഫെബ്രുവരി 26 ന് ഒർലാൻഡോയിലെ മില്ലേനി മാളിലെ ടിഫാനി ആൻഡ് കമ്പനിയിൽ നിന്നാണ് 6.8 കോടി രൂപ വിലയുള്ള രണ്ട് ജോഡി ഡയമണ്ട് കമ്മലുകൾ യുവാവ് വിഴുങ്ങിയത്. തുടർന്ന് കടയിൽ നിന്ന് ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു.
WFLA റിപ്പോര്‍ട്ട് പറയുന്നത് 32 കാരനായ ജയ്തൻ ലോറൻസ് ഗിൽഡർ എന്ന യുവാവാണ് ഒർലാൻഡോ മാജിക് പ്ലെയറിന്റെ പ്രതിനിധി എന്ന വ്യജേന ജ്വല്ലറിയിൽ കയറുകയും 6.8 കോടി രൂപ വിലമതിക്കുന്ന രണ്ട് കമ്മലുകൾ വിഴുങ്ങുകയും ചെയ്തത്.
160,000 ഡോളറും (1.3 കോടിയിലധികം രൂപ), 609,500 ഡോളറും (5.2 കോടി രൂപ) വിലമതിക്കുന്ന 4.86 കാരറ്റിന്റെ രണ്ട് സെറ്റ് കമ്മലുകളാണ് യുവാവ് കടയിൽ നിന്ന് മോഷ്ടിച്ചെടുത്ത ശേഷം വിഴുങ്ങിയത്. വൈറലാകുന്ന സിസിടിവി ദൃശ്യങ്ങളിൽ ഗിൽഡർ കമ്മലുകൾ വിഴുങ്ങിയശേഷം പുറത്തേക്ക് ഓടുന്നത് കാണാം.
തുടർന്ന് ഇന്റർസ്റ്റേറ്റ് 10-ൽ വെച്ച് ഒർലാൻഡോ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഗിൽഡറെ തടയുകയും അറസ്റ്റു ചെയ്ത് കുറ്റം ചുമത്തുകയും ചെയ്തു. മോഷ്ടിച്ച കമ്മലുകൾ ആദ്യം കണ്ടെത്താനാകാത്തതിനാൽ പ്രതിക്കെതിരെ മോഷണക്കുറ്റമാണ് ചുമത്തിയത്.
തുടർന്ന് ഇയാളെ ജയിലിൽ ആക്കിയെങ്കിലും തന്റെ വയറ്റിൽ ഉള്ള സാധനത്തിനു തനിക്കെതിരെ കുറ്റം ചുമത്തുമോ എന്നാണ് ഗിൽഡർ ജെയിൽ അധികൃതരോട് ചോദിച്ചത്. എന്നാൽ ഇതോടെ ഗിൽഡറെ ബോഡി സ്കാൻ ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സ്കാനിംഗിൽ ഗിൾഡറിന്റെ ദഹനനാളത്തിനുള്ളിൽ ഒരു ഫോറിൻ വസ്തു കണ്ടെത്തി.
ഇത് ഗിൽഡർ മോഷ്ടിച്ചെടുത്ത ടിഫാനി & കമ്പനിയുടെ കമ്മലുകളാണെന്നു പോലീസ് മനസ്സിലാക്കി. എന്നാൽ കമ്മലുകൾ ഗിൾഡറിന്റെ വയറിനുള്ളിൽ ആയതിനാൽ കമ്മൽ ശരീരത്തിൽ നിന്ന് പുറത്തേക്ക് പുറന്തള്ളപ്പെട്ട ശേഷം ശേഖരിക്കാനാണ് വാൾട്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് (WCSO) തീരുമാനിച്ചിരിക്കുന്നത്.
WFLA റിപ്പോർട്ട് അനുസരിച്ച്, ഗിൽഡറിന് കൊളറാഡോയിൽ തന്നെ 48 അറസ്റ്റ് വാറന്റുകളാണുള്ളത്. കൂടാതെ 2022-ൽ ടെക്‌സസിലെ മറ്റൊരു ടിഫാനി & കമ്പനി സ്റ്റോർ കൊള്ളയടിച്ചതിന് ഇയാൾക്കെതിരെ മുമ്പ് കുറ്റം ചുമത്തിയിട്ടുമുണ്ട്. നിലവിൽ ഫസ്റ്റ്-ഡിഗ്രി ഗ്രാൻഡ് മോഷണം, മുഖംമൂടി ധരിച്ചുള്ള കവർച്ച എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.