ലഖ്‌നൗ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു വീട്ടമ്മയുടെ നാലുവയസുകാരന്‍ മകനെ തട്ടിക്കൊണ്ടു പോയ യുവാവിനെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ച ഉത്തര്‍പ്രദേശിലാണ് സംഭവം.
കുട്ടിയുടെ അമ്മ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ വീടിനു പുറത്തുനിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയോധ്യയില്‍ നിന്നുള്ള പുഷ്‌പ വില്‍പ്പനക്കാരനായ സുധാകര്‍ സിങ്ങി(24)നെയാണ് സുഹൈല്‍ദേവ് എക്‌സ്‌പ്രസില്‍ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ ലഖ്‌നൗ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
അമ്മയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു സിങ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പരാതിക്കാരന്റെ ഭാര്യ ഇൻസ്റ്റാഗ്രാം വഴി പ്രതിയായ സുധാകർ സിങ്ങുമായി ഒരു വർഷത്തോളമായി ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തന്നോടൊപ്പം ഉണ്ടാകാൻ വിസമ്മതിച്ചാൽ ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.




