മുംബൈ: ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ ചാക്കോ എന്നൊരു നിരപരാധിയെ കൊന്നു കത്തിച്ച സുകുമാരക്കുറുപ്പിനെ മലയാളി മറക്കാനിടയില്ല. സമാനമായ ഒരു സംഭവം മുംബൈയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെയും ഇതേപോലെ സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ ലിഫ്റ്റ് കൊടുത്ത് നിസ്സഹായനായ ഒരു യാത്രക്കാരനെ ഉറക്കത്തില്‍ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകിയ്ക്ക് കുരുക്കായത് കാമുകിയുമായി നടത്തിയ ഫോണ്‍ സന്ദേശം.
ഞായറാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഔസ താലൂക്കിൽ, പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലുള്ള കാറിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. അവർ കാറിന്റെ ഉടമയെ കണ്ടെത്തി. കാര്‍ അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ഒരാൾക്ക് നൽകിയിരിക്കുകയാണെന്നും മനസ്സിലാക്കി. ബാങ്ക് റിക്കവറി ഏജന്റായ ഗണേഷ് ചവാൻ എന്ന ആ ബന്ധുവുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, അയാൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും അറിയാൻ കഴിഞ്ഞു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, മരിച്ചത് ചവാൻ ആണെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.
കാര്യങ്ങൾ മാറുന്നു
അന്വേഷണം മുന്നോട്ട് പോയപ്പോൾ, പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് പോലീസിന് മനസ്സിലായി. അവർ ചവാന്റെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി, അയാൾക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
“ഞങ്ങൾ ആ സ്ത്രീയോട് ചോദ്യം ചെയ്തപ്പോൾ, സംഭവത്തിന് ശേഷം ഗണേഷ് ചവാൻ മറ്റൊരു ഫോൺ നമ്പർ ഉപയോഗിച്ച് അവൾക്ക് സന്ദേശങ്ങൾ അയക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലായി,” ലാത്തൂർ പോലീസ് സൂപ്രണ്ട് അമോൽ താംബ്ലെ പറഞ്ഞു.
മരിച്ചെന്ന് കരുതിയ ആൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിഞ്ഞതോടെ, കാറിനുള്ളിൽ ആരായിരുന്നുവെന്ന് അറിയാൻ പോലീസ് ചവാന്റെ രണ്ടാമത്തെ ഫോൺ നമ്പർ പിന്തുടർന്നു. ഇത് അവരെ ആദ്യം കോലാപ്പൂരിലേക്കും പിന്നീട് സിന്ധുദുർഗ് ജില്ലയിലെ വിജയദുർഗിലേക്കും എത്തിച്ചു. അവിടെവെച്ച് ചവാനെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ക്രൂരമായ കൊലപാതകം
ചവാനെ ചോദ്യം ചെയ്തപ്പോൾ, ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നതായും, മരണശേഷം ലഭിക്കുന്ന ആ തുക ഉപയോഗിച്ച് ഹോം ലോൺ അടച്ചുതീർക്കാനാണ് താൻ ഈ കൃത്യം ചെയ്തതെന്നും അയാള്‍ പോലീസിനോട് പറഞ്ഞു. ഇതിനായി, സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുന്നതിനായി ഒരു കൊലപാതകം അയാള്‍ ആസൂത്രണം ചെയ്തു.
ശനിയാഴ്ച, ഔസയിലെ തുളജാപ്പൂർ ടി-ജംഗ്ഷനിൽ വെച്ച് ഗോവിന്ദ് യാദവ് എന്ന യാത്രക്കാരന് ചവാൻ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. യാദവ് മദ്യപിച്ചിരുന്നു എന്നും ചവാൻ ഇത് മുതലെടുക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
“യാത്രയ്ക്കിടെ അവർ ഒരു ഭക്ഷണശാലയിൽ നിർത്തി. കാർ പാർക്ക് ചെയ്ത ശേഷം, യാദവ് കുറച്ച് ഭക്ഷണം കഴിക്കുകയും ഉടൻ തന്നെ വാഹനത്തിനുള്ളിൽ ഉറങ്ങിപ്പോകുകയും ചെയ്തു. തുടർന്ന് ചവാൻ അയാളെ വലിച്ചിഴച്ച് ഡ്രൈവർ സീറ്റിലിരുത്തി. സീറ്റ് ബെൽറ്റ് ഇട്ടു, സീറ്റിൽ തീപ്പെട്ടിക്കോലുകളും പ്ലാസ്റ്റിക് ബാഗുകളും വെച്ച് തീയിട്ടു,” ഒരു ഉദ്യോഗസ്ഥൻ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും താൻ മരിച്ചെന്ന് കുടുംബത്തെ വിശ്വസിപ്പിക്കാനും വേണ്ടി ചവാൻ തന്റെ കൈച്ചെയിൻ (ബ്രേസ്ലെറ്റ്) യാദവിന്റെ അടുത്ത് ഉപേക്ഷിച്ചിരുന്നു.
‘‘കൊലപാതക കേസ് ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചവാന് മറ്റെന്തെങ്കിലും കൂട്ടാളികൾ ഉണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തും,” എസ്പി താംബെ പറഞ്ഞു.




