Movie News

മമ്മൂട്ടിയുടെ ‘ആവനാഴി’യും ഇന്‍സ്‌പെക്ടര്‍ ബല്‍റാമും വീണ്ടും വരുന്നു; 4 കെ.യില്‍ റീ റിലീസിംഗ്

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം’ റീ റിലീസിംഗില്‍ കാര്യമായി ഏശിയില്ലെങ്കിലും മമ്മൂട്ടിയുടെ രണ്ടാമത്തെ ക്ലാസ്സിക് സിനിമയും 4 കെ റിലീസിംഗിന് ഒരുങ്ങുന്നു. 20 തിയറ്ററുകളില്‍ റെഗുലര്‍ ഷോകളില്‍ 25 ദിവസം തികയ്ക്കുകയും 100 ദിവസത്തിലേറെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയും ചെയ്ത ആദ്യ മലയാളം സിനിമയെന്ന വിശേഷണം നേടിയ മലയാളം ക്ലാസിക് ആക്ഷന്‍ ഡ്രാമ ചിത്രം ‘ആവനാഴി’ യാണ് ബിഗ് സ്‌ക്രീനുകളിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നത്.

2025 ജനുവരി 3 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ‘ആവനാഴി’യുടെ റീ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. 38 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ ക്ലാസിക് സിനിമയുടെ തിരിച്ചുവരവ്. ടി ദാമോദരന്‍ തിരക്കഥയെഴുതിയ ‘ആവനാഴി’ 1986 സെപ്തംബര്‍ 12 നായിരുന്നു ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്. ഐ വി ശശിയുടെ സംവിധാന മികവില്‍ മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

‘ഇന്‍സ്‌പെക്ടര്‍ ബല്‍റാം’ എന്ന പേരില്‍ സിനിമയുടെ രണ്ടാംഭാഗം 1991 ല്‍ വീണ്ടും എത്തി. അതും വന്‍ വിജയമായിരുന്നു. നിര്‍ഭാഗ്യവശാല്‍, കത്രീന കൈഫ് നായികയായി 2006-ല്‍ ബിഗ് സ്‌ക്രീനുകളിലെത്തിയ ‘ബല്‍റാം വേഴ്‌സസ് താരാദാസ്’ എന്ന മൂന്നാം ഭാഗം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. ടി ദാമോദരനും എസ് എന്‍ സ്വാമിയും ചേര്‍ന്ന് തിരക്കഥയെഴുതിയ മൂന്നാം ഭാഗവും ഐ വി ശശിയാണ് സംവിധാനം ചെയ്തത്.

മമ്മൂട്ടിയുടെ ‘പാലേരിമാണിക്യം’ റീ-റിലീസിന് പ്രേക്ഷകരില്‍ നിന്ന് കാര്യമായ ശ്രദ്ധ കിട്ടിയില്ല. റീ-റിലീസിന് ബോക്സോഫീസില്‍ ഒരു ലക്ഷം രൂപ നേടാനായില്ല. ആവനാഴി വീണ്ടും വരുമ്പോള്‍ മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ബസൂക്ക’ അണിയറയില്‍ ഉണ്ട്.