Celebrity

ലാൽ സലാം… താനും മോഹൻലാലിന്റെ ഫാൻ ആണെന്ന് ആദ്യമായി തുറന്നു പറഞ്ഞ് മമ്മൂട്ടി

മലയാള സിനിമയിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടുപേരും ഒരുമിച്ചെത്തുന്ന സിനിമകൾ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവരുടെ ആരാധകർ തമ്മിൽ ഇടയ്ക്കിടെ ആരാണ് മികച്ചത് എന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവർക്ക് രണ്ടുപേർക്കുമിടയിൽ ആഴത്തിലുള്ള ഒരു സൗഹൃദമുണ്ട്, സാഹോദര്യമുണ്ട്, പരസ്പര ബഹുമാനമുണ്ട്.

ഇപ്പോഴിതാ മോഹൻലാലിന്റെ സിനിമകൾ താൻ കാണാറുണ്ടെന്നും വളരെ ഇഷ്ടമാണെന്നും തുറന്നു പറയുകയാണ് മമ്മൂട്ടി. കേരളീയം പരിപാടി നടന്ന സമയത്ത് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ ആയിരുന്നു, ആ കണ്ടുമുട്ടലുകളിൽ സിനിമയാണോ നിങ്ങൾ സംസാരിക്കുക എന്നായിരുന്നു മാധ്യമപ്രവർത്തകൻ മമ്മൂട്ടിയോട് ചോദിക്കുമ്പോഴാണ് താരം മറുപടി പറയുന്നത്. ആ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

“സിനിമ അത് വളരെ കുറച്ചല്ലേ ഉള്ളൂ പറയാൻ. വേറെ എന്തൊക്കെ നല്ല കാര്യങ്ങൾ കിടക്കുന്നു പറയാൻ. സിനിമയുടെ കാര്യങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നന്നായി അറിയാം. ഏതു സിനിമയാണ് ചെയ്യുന്നതെന്നും മറ്റും… ഞാനും സിനിമ കാണുന്ന ആളല്ലേ. നിങ്ങളെപ്പോലെ ഞാനും കാണുന്നുണ്ട്… ലാൽ സലാം, ” എന്നാണ് മമ്മൂട്ടി പറഞ്ഞ മറുപടി.

മമ്മുട്ടിയേയും തെന്നിന്ത്യൻ താരം ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിര്‍വഹിക്കുന്ന ‘കാതല്‍’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടിയിലാണ് മമ്മൂട്ടി മോഹൻലാലിനെക്കുറിച്ച് സംസാരിച്ചത്. ആദ്യമായി തമിഴ് നടി ജ്യോതികയും മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ എന്നതുകൊണ്ട് തന്നെ തുടക്കം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ കൂടിയാണ് കാതല്‍. മമ്മൂട്ടി കമ്പനി തന്നെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സ്വവര്‍ഗരതിയെക്കുറിച്ചും സ്വവര്‍ഗാനുരാഗത്തെ കുറിച്ചുമാണ് കാതല്‍ പറയുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.