Movie News

മമിതാബൈജുവിനെ തേടി തമിഴില്‍ നിന്നും അവസരങ്ങള്‍; വിഷ്ണു വിശാലിന്റെ നായികയായി രാംകുമാറിന്റെ പ്രണയകഥ

‘പ്രേമുലു’ വന്‍ ഹിറ്റായതോടെ മമിതാ ബൈജുവിന്റെ നക്ഷത്രം തെളിഞ്ഞെന്ന് പറഞ്ഞാല്‍ മതി. മുമ്പ് മറ്റുനടിമാര്‍ക്കൊപ്പം സഹനടി വേഷത്തില്‍ തിളങ്ങിയിരുന്ന നടിക്ക് പ്രേമുലുവിന്റെ വന്‍ വിജയം തമിഴില്‍ അവസരങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. തമിഴില്‍ ജി.വി. പ്രകാശിനൊപ്പം അരങ്ങേറിയ നടി ‘രാക്ഷസന്‍’ ഫെയിം വിഷ്ണുവിശാലിനൊപ്പം അടുത്ത സിനിമയില്‍ അഭിനയിക്കും.

രാക്ഷസന്‍ സിനിമയൊരുക്കിയ രാംകുമാറിന്റെ സിനിമ തന്നെയാണ് ഇതും. കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായിട്ടാണ് വിവരം. സിനിമ ഒരു പ്രണയകഥയായിരിക്കും എന്നാണ് വിവരം. നടിയുടെ കരിയറിലെ രണ്ടാമത്തെ തമിഴ്‌സിനിമയാണ് ഇത്. ജി.വി. പ്രകാശിന്റെ റിബലായിരിക്കും നടിയുടേതായി പുറത്തുവരാനിരിക്കുന്ന ആദ്യ തമിഴ്‌സിനിമ. മാര്‍ച്ച് 22 ന് പുറത്തുവരുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അരങ്ങേറ്റക്കാരന്‍ നികേഷാണ്. 1980 കളിലെ മൂന്നാറില്‍ നിന്നുള്ള ഒരു റിബല്‍ വിദ്യാര്‍ത്ഥിയുടെ കഥയാണ് സിനിമ പറയുന്നത്.

നേരത്തേ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ബാലയുടെ വാനാംഗനില്‍ മമിത അഭിനയിച്ചിരുന്നെങ്കിലും സിനിമ എപ്പോള്‍ പുറത്തുവരുമെന്ന് ഒരു വിവരവുമില്ല. രജനീകാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍സലാം ആയിരുന്നു ഇതിന് മുമ്പ് വിഷ്ണുവിശാല്‍ അഭിനയിച്ച അവസാന സിനിമ. പക്ഷേ അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ രാംകുമാറിന്റെ സിനിമയില്‍ താരത്തിന് വലിയ പ്രതീക്ഷയുണ്ട്. രാംകുമാറും വിശാലും ഒരുമിച്ച രാക്ഷസന്‍ വന്‍ഹിറ്റായിരുന്നു.