തനിക്കെതിരേ പരാതി നല്‍കിയ നടി ഒരു മാഫിയ സംഘത്തിന്റെ തടവിലാണെന്നും ആ സംഘമാണു കേസിനു പിന്നിലെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. നടിയുമായി മാനസിക അടുപ്പം സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം കേസില്‍ കുടുക്കി ഭയപ്പെടുത്തുകയാണെന്നു സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചു. പിന്തുടര്‍ന്നു ശല്യംചെയ്‌തുവെന്ന നടിയുടെ പരാതിയിലാണു എളമക്കര പോലീസ് സനല്‍ കുമാര്‍ ശശിധരനെ അറസ്‌റ്റു ചെയ്‌തത്. എന്നാല്‍, നടി പരാതി നല്‍കിയിട്ടില്ലെന്നും നടിയുടെ കള്ളയൊപ്പിട്ട് മാഫിയ സംഘമാണു പരാതി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
‘ഞാന്‍ കുറ്റം ചെയ്‌തിട്ടില്ല, നടി പരാതി കൊടുത്തിട്ടില്ല. അവരെ ബലമായി പിടിച്ചുവച്ചിരിക്കുകയാണ്. അവരുമായി മാനസികമായി അടുപ്പം സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയെല്ലാം കേസ് കൊടുക്കുന്നുണ്ട്. ആ കേസിലൊന്നും വിചാരണ നടക്കുന്നില്ല. തെളിവു കൊടുക്കുന്നില്ല. അവരെയൊക്കെ ഭീഷണിപ്പെടുത്തി അകറ്റാന്‍ മാത്രമാണു കേസ് കൊടുക്കുന്നത്. അതേ രീതിയാണ് തന്റെ കാര്യത്തിലും നടന്നത്.
നടി അഭിനയിച്ച്, ഞാന്‍ സംവിധാനംചെയ്‌ത ‘കയറ്റം’ എന്ന സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്തുകൊണ്ട് അതു പുറത്തിറങ്ങിയില്ല എന്നു ചോദിക്കാന്‍വേണ്ടി കാണാന്‍ ശ്രമിച്ചാല്‍പ്പോലും, താന്‍ മിണ്ടരുത് സംസാരിക്കരുത് എന്നാണു സമീപനം. അതിനു ശേഷമാണ് എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നത്. താന്‍ സ്‌ഥിരം കുറ്റവാളിയാണെന്നും പിന്തുടര്‍ന്നു ശല്യപ്പെടുത്തുന്ന ആളാണെന്നും മാനസികരോഗമാണെന്നും പറയുന്നു.
എനിക്കെതിരേ ട്രാന്‍സിറ്റ് വാറന്റോ, ലുക്ക് ഔട്ട് നോട്ടീസോ ഇല്ല. 2022 ല്‍ ഇതുപോലെ ആരുമറിയാതെ എതന്നെ വന്നു പിടിച്ചുകൊണ്ടുപോയി കൊന്നുകളയാനുള്ള ശ്രമം നടന്നു. കഴിഞ്ഞദിവസവും അതു തന്നെയാണു നടന്നത്.
നടിയെ തടവില്‍ വച്ചിരിക്കുന്ന ഒരു മാഫിയയുണ്ട്. നടി കോടതിയില്‍ വന്നു മൊഴികൊടുത്താല്‍, താന്‍ പറയുന്നതു സത്യമാണോ കള്ളമാണോ എന്നു തെളിയും.’- സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.
വിദേശത്തു നിന്നെത്തിയ സംവിധായകനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് കസ്‌റ്റഡിയിലെടുത്ത ശേഷം എളമക്കര പോലീസിനു കൈമാറുകയായിരുന്നു. കൊച്ചിയില്‍നിന്നുള്ള സംഘം തിങ്കളാള്‌ച മുംബൈയിലെത്തി സനലിനെ കസ്‌റ്റഡിയിലെടുത്തു. തുടര്‍ന്നു കൊച്ചിയിലെത്തിച്ച് അറസ്‌റ്റു രേഖപ്പെടുത്തി. എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഇന്നലെ സനലിനു ജാമ്യം അനുവദിച്ചു.




