ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. മലൈക അര്‍ജുനുമായി ലിവിംഗ് റിലേഷനിലാണെന്നാണ് ബോളിവുഡ് ലോകം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്.
മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ മലൈക ഞായറാഴ്ച തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറയുമ്പോള്‍, രണ്ട് തവണ ചെയ്യുക, ഫോട്ടോ എടുക്കുക’ – എന്നായിരുന്നു മലൈക കുറിച്ചത്. അര്‍ജുന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു നിഗൂഢ സന്ദേശം പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു മലൈകയുടെയും കുറിപ്പ്.
ജീവിതമെന്നത് തിരഞ്ഞെടുപ്പുകളെക്കുറിച്ചാണെന്നും ഒരാള്‍ക്ക് എങ്ങനെ ഭൂതകാലത്തിന്റെ തടവുകാരനാകാമെന്നും അല്ലെങ്കില്‍ ഭാവി സാധ്യതകളുടെ പര്യവേക്ഷകനാകാമെന്നുമായിരുന്നു അര്‍ജുന്‍ കുറിച്ചത്. 2018-ല്‍ മലൈകയുടെ 45-ാം ജന്മദിനത്തിലാണ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി ഇരുവരും പ്രഖ്യാപിച്ചത്. ഇരുവരും സൗഹാര്‍ദ്ദപരമായി വേര്‍പിരിയാനും ഈ വിഷയത്തില്‍ മാന്യമായ മൗനം പാലിക്കാനും ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.