Crime

ആഭരണങ്ങള്‍ മോഷ്‌ടിച്ച ജോലിക്കാരി വീട്ടിലെ ക്യാമറയില്‍ കുടുങ്ങി, കുടുക്കിയത്‌ വീട്ടുടമയുടെ തന്ത്രപരമായ ഇടപെടല്‍ ​

തിരുവനന്തപുരം: ജോലിക്കുനിന്ന രണ്ട്‌ വീടുകളില്‍നിന്ന്‌ ആഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്‌റ്റില്‍. കരമന ഇലങ്കം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്‌മി(36)യേയാണ്‌ പോലീസ്‌ പിടികൂടിയത്‌. വീട്ടുടമയായ അഭിഭാഷകന്റെ തന്ത്രപരമായ ഇടപെടലാണ്‌ യുവതിയെ കുടുക്കിയത്‌.

മറ്റൊരു വീട്ടില്‍ നടത്തിയ മോഷണവും ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. തുടര്‍ന്ന്‌ രണ്ട്‌ കേസിലും എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ 11-നാണ്‌ കരമന സഹകരണ ബാങ്കിനു സമീപം ഇലങ്കം റോഡില്‍ അഭിഭാഷകദമ്പതികളായ രാഹുല്‍ കൃഷ്‌ണന്റെയും ഇന്ദുകലയുടെയും വീട്ടില്‍നിന്നു സ്വര്‍ണമോതിരം കാണാതായത്‌. തുടര്‍ന്നുള്ള പരിശോധനയില്‍ അലമാരകളില്‍നിന്ന്‌ അഞ്ച്‌ പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടെന്നു മനസിലായി.

തുടര്‍ന്ന്‌, മുറികളില്‍ ഒളിക്യാമറകള്‍ സ്‌ഥാപിച്ചു. കഴിഞ്ഞ 14-ന്‌ ദമ്പതികള്‍ പതിവുപോലെ ജോലിക്കുപോയി. വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമാണുണ്ടായിരുന്നത്‌. ഇതിനിടെ ലക്ഷ്‌മി മുറിയില്‍ കയറി അലമാര തുറന്ന്‌ സ്വര്‍ണം മോഷ്‌ടിക്കുന്ന സി.സി. ടിവി ദൃശ്യം രാഹുല്‍ മൊബൈല്‍ ഫോണില്‍ കണ്ടു. ഉടന്‍ വീട്ടിലെത്തി ചോദിച്ചപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചു. ദൃശ്യങ്ങള്‍ കാട്ടിക്കൊടുത്തപ്പോള്‍ മോഷണം നടത്തിയതു സമ്മതിച്ചു. എന്നാല്‍, ആദ്യത്തെ മോഷണം നടത്തിയത്‌ താനല്ലെന്ന നിലപാടിലായിരുന്നു ഇവര്‍. ഇതോടെ പോലീസില്‍ പരാതിപ്പെട്ടു.

മോഷ്‌ടിച്ച ആഭരണങ്ങള്‍ ചാലയിലെ ജൂവലറിയില്‍ വിറ്റതായും നെടുങ്കാടുള്ള സ്‌ഥാപനത്തില്‍ പണയംവച്ചതായും പ്രതി പോലീസിനു മൊഴി നല്‍കി. മുമ്പ്‌ സമീപത്തെ വീട്ടില്‍നിന്നു മോഷ്‌ടിച്ച മൂന്ന്‌ പവന്‍ സ്വര്‍ണം പ്രതിയുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. ചില ആഭരണങ്ങള്‍ ഉരുക്കിവിറ്റ്‌ പുതിയ ആഭരണങ്ങള്‍ വാങ്ങി. വര്‍ഷങ്ങളായി രണ്ട്‌ വീടുകളില്‍ ജോലി ചെയ്‌തിരുന്ന ലക്ഷ്‌മി, ആഭരണം കാണാതായപ്പോള്‍ മറ്റുള്ളവര്‍ക്കു നേരേ ആരോപണം ഉന്നയിക്കുകയും ചെയ്‌തിരുന്നു.