Featured Sports

വമ്പന്മാര്‍ വീണ വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ച്; കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ, ഇംഗ്ലണ്ടിനോട് സെമി പോരാട്ടം

വാങ്കഡെ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീടം നിലനിര്‍ത്താനൊരുങ്ങി ഇന്ത്യ. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന സെമി ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനെ നേരിടും. തുടര്‍ച്ചയായി മൂന്നാം തവണയാണ്‌ ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടുന്നത്‌.

വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ചാണ്‌ ഇന്നത്തെ മത്സരത്തിന്‌ ഉപയോഗിക്കുക. ഇംഗ്ലണ്ട്‌ ഇതേ പിച്ചില്‍ നടന്ന ഗ്രൂപ്പ്‌ മത്സരത്തിലാണു വെസ്‌റ്റിന്‍ഡീസിനോടു തോറ്റത്‌. നേപ്പാള്‍ ഇറ്റലിയോട്‌ അപ്രതീക്ഷിതമായി തോറ്റതും ഏഴാം നമ്പര്‍ പിച്ചിലാണ്‌. ഫെബ്രുവരി 12 നു ശേഷം ഏഴാം നമ്പര്‍ പിച്ച്‌ ഉപയോഗിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്‌. അനുയോജ്യമായ കാലാവസ്‌ഥയും പച്ചപ്പും മത്സരം അപ്രവചനീയമാക്കുന്നു. മികച്ച ബൗണ്‍സുള്ള പിച്ചില്‍ റണ്‍ മഴയ്‌ക്കും സാധ്യതയുണ്ട്‌. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും അഞ്ച്‌ തവണ ഏറ്റുമുട്ടി. മൂന്ന്‌ ജയങ്ങള്‍ കുറിച്ച ഇന്ത്യക്കാണു മുന്‍തൂക്കം. 2024 സെമി ഫൈനലിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ആകെ 29 ട്വന്റി20 കള്‍ കളിച്ചു. അതിലും ഇന്ത്യക്കാണു മുന്‍തൂക്കം. ഇന്ത്യ 17 മത്സരങ്ങള്‍ ജേതാക്കളായി. 12 ലാണ്‌ ഇംഗ്ലീഷുകാര്‍ ജയിച്ചത്‌. അവരുടെ അവസാന ഏഴ്‌ ജയങ്ങള്‍ സ്വന്തം നാട്ടിലുമായിരുന്നു. ലെഗ്‌ സ്‌പിന്നര്‍ ആദില്‍ റഷീദ്‌ വിക്കറ്റ്‌ വേട്ടയില്‍ 467 തികയ്‌ക്കാനൊരുങ്ങുകയാണ്‌.

ആദില്‍ നാല്‌ പേരെ കൂടി പുറത്താക്കിയാല്‍ ഡാരന്‍ ഗഫിന്റെ 466 വിക്കറ്റുകളെന്ന റെക്കോഡ്‌ മറികടക്കും. ഇംഗ്ലണ്ടിന്റെ വിക്കറ്റ്‌ വേട്ടക്കാരില്‍ നാലാമനാണ്‌ ഗഫ്‌. ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌, ഇയാന്‍ ബോതം എന്നിവരാണു മുന്‍ഗാമികള്‍. വെസ്‌റ്റിന്‍ഡീസിനെതിരേ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച അതേ ടീമിനെയാകും ഇന്ത്യ ഇന്നും കളിപ്പിക്കുക.

സാധ്യതാ ടീം: ഇന്ത്യ- അഭിഷേക്‌ ശര്‍മ, സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക്‌ വര്‍മ, സൂര്യകുമാര്‍ യാദവ്‌ (നായകന്‍), ഹാര്‍ദിക്‌ പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ്‌ സിങ്‌, ജസ്‌പ്രീത്‌ ബുംറ, വരുണ്‍ ചക്രവര്‍ത്തി.

വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ജോസ്‌ ബട്ട്‌ലര്‍ മോശം ഫോമില്‍ തുടരുകയാണെങ്കിലും ഇംഗ്ലണ്ട്‌ മാറ്റം വരുത്താന്‍ സാധ്യതയില്ല. ന്യൂസിലന്‍ഡിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത റെഹാന്‍ അഹമ്മദിനെ ഇന്നു കളിപ്പിക്കാന്‍ സാധ്യതയില്ല.
സാധ്യതാ ടീം: ഇംഗ്ലണ്ട്‌ – ഫില്‍ സാള്‍ട്ട, ജോസ്‌ ബട്ട്‌ലര്‍, ഹാരി ബ്രൂക്‌ (നായകന്‍), ജേക്കബ്‌ ബെതാല്‍, ടോം ബാന്റണ്‍, സാം കുറാന്‍, വില്‍ ജാക്‌സ്, ജാമി ഓവര്‍ടണ്‍, ലിയാം ഡോവ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്‌.

ഇന്ത്യക്കും ഇംഗ്ലണ്ടിനും ഓപ്പണര്‍മാരായ അഭിഷേക്‌ ശര്‍മയും ജോസ്‌ ബട്ട്‌ലറുടെയും ഫോമാണ്‌ ആശങ്ക. മികച്ച വിക്കറ്റ്‌ കീപ്പര്‍ ബാറ്ററായ ബട്ട്‌ലറിന്‌ ഈ ലോകകപ്പിനു മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഫോമിലുള്ള ബെന്‍ ഡക്കറ്റിനെയും റെഹാന്‍ അഹമ്മദിനെയും പുറത്തിരുത്തി കളിക്കുന്നത്‌ ബട്ട്‌ലറിനു മേല്‍ സമ്മര്‍ദമായി. തുടരെ അഞ്ച്‌ ഇന്നിങ്‌സുകളിലും ബട്ട്‌ലര്‍ പന്ത്‌ അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടി. നേപ്പാളിനും വിന്‍ഡീസിനുമെതിരേ മാത്രമാണു (26,21) ബട്ട്‌ലര്‍ തിളങ്ങിയത്‌. അത്‌ ഇതേ പിച്ചിലാണെന്ന പ്രത്യേകതയുണ്ട്‌.

2025 ഫെബ്രുവരിയില്‍ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഭിഷേക്‌ ശര്‍മ ഇംഗ്ലീഷുകാരെ അടിച്ചു ചതച്ചിരുന്നു. മത്സരത്തില്‍ 13 സിക്‌സറുകളും ഏഴ്‌ ഫോറുകളുമടിക്കാന്‍ അഭിഷേകിനായി. ഈ ലോകകപ്പില്‍ താരത്തിന്റെ പ്രകടനം ആശാവഹമല്ല. ഒരു അര്‍ധ സെഞ്ചുറിയാണ്‌ ആശ്വസിക്കാനുള്ളത്‌. വെസ്‌റ്റിന്‍ഡീസിനെതിരേ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 50 പന്തില്‍ 97 റണ്ണുമായി ഇന്ത്യയെ ജയിപ്പിച്ച സഞ്‌ജു സാംസണിലാണ്‌ എല്ലാ കണ്ണുകളും.

ഇന്ത്യ (India)ഇംഗ്ലണ്ട് (England)
ആകെ കളിച്ച മത്സരങ്ങൾ2323
വിജയിച്ചത്1211
ഏറ്റവും ഉയർന്ന സ്കോർ224215
ഏറ്റവും കുറഞ്ഞ സ്കോർ12080
ലോകകപ്പിലെ നേർക്കുനേർ2 വിജയം2 വിജയം

Leave a Reply

Your email address will not be published. Required fields are marked *