
ഫാഷന്‍ ലോകം വിചിത്രമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് തര്‍ക്കമില്ല. അത്തരത്തില്‍ സ്വിസ് ലക്ഷ്വറി ബ്രാന്‍ഡായ വെറ്റ്മെന്റ്സ് (Vetements) പുറത്തിറക്കിയ പുതിയ ഡിസൈന്‍ കണ്ട് ഇന്റര്‍നെറ്റ് ലോകം മൊത്തം അമ്പരപ്പിലാണ്. ഷര്‍ട്ടില്‍ അബദ്ധത്തില്‍ ഇസ്തിരിപ്പെട്ടി തട്ടി പൊള്ളിയതു പോലെയുള്ള അടയാളം (Iron burn) പ്രിന്റ് ചെയ്ത ഷര്‍ട്ടാണ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. വൈറ്റ് അയണിംഗ് ബേണ്‍ ഗ്രാഫിക് ഷര്‍ട്ട് എന്നാണ് ഇതിന്റെ പേരെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
നെഞ്ചിന്റെ പോക്കറ്റിന് സമീപം കരിഞ്ഞ അടയാളത്തോടു കൂടിയ ഓവര്‍സൈസ്ഡ് ഷര്‍ട്ടാണ് ഇത്. ഈ ഷര്‍ട്ടിന്റെ വിലയാണ് കൂടുതല്‍ ഞെട്ടിപ്പിയ്ക്കുന്നത്. 1,139 ഡോളര്‍ അതായത് ഏകദേശം 1,03,000 രൂപയാണ് ഈ ഷര്‍ട്ടിന്റെ വില. സാധാരണക്കാര്‍ക്ക് സംഭവിക്കുന്ന ഒരു അബദ്ധത്തെ ലക്ഷ്വറി ഫാഷനായി അവതരിപ്പിച്ചതിനെതിരെ കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ‘എന്റെ അമ്മ വര്‍ഷങ്ങളായി ഇത് സൗജന്യമായി ചെയ്തുതരുന്നുണ്ട്’ എന്നും, ‘ഒരൊറ്റ അബദ്ധം കൊണ്ട് എനിക്കും വീട്ടില്‍ ഈ ‘ലക്ഷ്വറി’ ഷര്‍ട്ട് നിര്‍മ്മിക്കാം’ എന്നും പലരും കുറിച്ചു.
‘രാവിലെ 7 മണിക്ക് ഇസ്തിരി ഇടുമ്പോള്‍ അബദ്ധം പറ്റി പരിഭ്രാന്തനായ ഒരാളുടെ വേഷത്തിന് എന്തിനാണ് ഒരു ലക്ഷം രൂപ നല്‍കുന്നത്?’ എന്നാണ് മറ്റൊരാളുടെ ചോദ്യം. ‘ആളുകള്‍ എത്രത്തോളം വിഡ്ഢികളാകാന്‍ തയ്യാറാകും എന്ന് നോക്കാനുള്ള ഒരു സോഷ്യല്‍ എക്‌സ്പിരിമെന്റാണ് ഇത്തരം ബ്രാന്‍ഡുകള്‍’ എന്ന് മറ്റൊരു ഉപയോക്താവ് പരിഹസിച്ചു. ‘ഇതില്‍ സര്‍ഗ്ഗാത്മകമായി ഒന്നുമില്ല, വെറും അഴുക്കുപിടിച്ചതുപോലെ മാത്രമേ തോന്നുന്നുള്ളൂ. ഒരു തമാശയ്ക്ക് അണിയുന്ന ടീഷര്‍ട്ടില്‍ ഇത്തരം ഡിസൈനുകള്‍ ഓക്കെയാണ്, പക്ഷേ ഒരു പ്രീമിയം ഷര്‍ട്ടില്‍ ഇത് അംഗീകരിക്കാനാവില്ല’ – എന്ന് വിമര്‍ശകര്‍ പറയുന്നു.



