Lifestyle

വെറുമൊരു വാട്ടറിംഗ് ക്യാൻ ആകൃതിയിലുള്ള ബാഗിന് 4.3 ലക്ഷം രൂപയോ?

ലക്ഷ്വറി ബാഗുകളുടെ ലോകത്ത് പരീക്ഷണങ്ങൾ അവസാനിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് പ്രശസ്ത ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺ (Louis Vuitton). തോട്ടത്തിൽ നനയ്ക്കാൻ ഉപയോഗിക്കുന്ന വാട്ടറിംഗ് കാനിന്റെ (Watering Can) ആകൃതിയിലുള്ള ഒരു ഹാൻഡ്‌ബാഗാണ് ഇത്തവണ അവർ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ കാഴ്ചയിൽ ഒരു തമാശയായി തോന്നാമെങ്കിലും, ബ്രാൻഡിന്റെ സിഗ്നേച്ചർ മോണോഗ്രാം ഡിസൈനിൽ അതിമനോഹരമായാണ് ഈ ബാഗ് ഒരുക്കിയിരിക്കുന്നത്. ഫാഷൻ ലോകത്തെ ഞെട്ടിച്ച ഈ വിചിത്ര ബാഗിന് ഇന്ത്യയിലെ വില ഏകദേശം 4.3 ലക്ഷം രൂപയാണ്.

വാട്ടറിംഗ് കാനിന്റെ എല്ലാ സവിശേഷതകളോടും കൂടിയാണ് ഈ ബാഗ് നിർമ്മിച്ചിരിക്കുന്നത്. വളഞ്ഞ കുഴലും ഉറപ്പുള്ള ആകൃതിയും ഇതിനുണ്ട്. കാഴ്ചയിൽ വ്യത്യസ്തമാണെങ്കിലും ഫോൺ, വാലറ്റ്, താക്കോൽ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ വെക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഉള്ളിലെ ക്രമീകരണം. കൈയിൽ പിടിക്കാനുള്ള ഹാൻഡിലിന് പുറമെ തോളിൽ തൂക്കാൻ സാധിക്കുന്ന സ്ട്രാപ്പും ഇതിലുണ്ട്. ഫാരൽ വില്യംസിന്റെ മേൽനോട്ടത്തിലുള്ള പുരുഷന്മാരുടെ സ്പ്രിംഗ്/സമ്മർ കളക്ഷന്റെ ഭാഗമായാണ് ഈ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്. ‘വളർച്ച’, ‘പരിപാലനം’ എന്നീ ആശയങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു ഡിസൈൻ തിരഞ്ഞെടുത്തത്.

ഈ ബാഗിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന്റെ കലാപരമായ ഭംഗിയെ ചിലർ പുകഴ്ത്തുമ്പോൾ, ഇത്രയും പണം നൽകി ഒരു വാട്ടറിംഗ് കാനുമായി പാർട്ടിക്ക് പോകുമോ എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ഇനി ഈ വലിയ ബാഗ് ഉപയോഗിക്കാൻ മടിയുള്ളവർക്കായി ഇതിന്റെ ഒരു ചെറിയ ‘മിനി’ പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പൂക്കളുടെ ഡിസൈനും ലെതർ വർക്കുകളും ചേർന്ന റെസിൻ ഉപയോഗിച്ചാണ് ഈ ചെറിയ പതിപ്പ് നിർമ്മിച്ചിരിക്കുന്നത്. അന്ധമായ ഫാഷൻ ഭ്രമമാണോ അതോ കലയാണോ ഇതെന്ന തർക്കത്തിലാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകം.