Movie News

രോഹിണി തീയറ്ററില്‍ ആരാധകര്‍ ഉണ്ടാക്കിയ നഷ്ടം വിജയ് നികത്തുമോ? ലക്ഷങ്ങളുടെ നഷ്ടത്തെപ്പറ്റി വാ തുറക്കാതെ വിജയ്

ദളപതി വിജയ് നായകനായ ലിയോ ഈ മാസം 19 ന് റിലീസ് ചെയ്യും. വിജയിയുടെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ലിയോയെ കുറിച്ചുള്ള പ്രതീക്ഷകള്‍ സിനിമയുടെ തുടക്കം മുതലുണ്ട്. ഇതിന് പ്രധാന കാരണം സംവിധായകന്‍ ലോകേഷ് കനകരാജും ചിത്രത്തിലെ താരനിരയുമാണ്.

എന്നത്തേക്കാളും ‘ലിയോ’ ആഘോഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിജയ് ആരാധകര്‍ ഇപ്പോള്‍ കറങ്ങുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നടക്കാതെ പോയ ഓഡിയോ ലോഞ്ചിന്റെ നിരാശ ആരാധകര്‍ തീര്‍ത്തത് ചിത്രത്തിന്റെ ട്രെയിലര്‍ ആഘോഷിച്ചാണ്. ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് പത്ത് രൂപ ടിക്കറ്റില്‍ രോഹിണി തിയേറ്ററിലായിരുന്നു ട്രെയിലര്‍ സംപ്രേക്ഷണം ചെയ്തത്.

ട്രെയിലര്‍ ആഘോഷിച്ച ആരാധകര്‍ ഉണ്ടാക്കിയത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്. തീയറ്ററിലെ ഏകദേശം 600 സീറ്റുകളാണ് ആരാധകര്‍ തല്ലിത്തകര്‍ത്തത്. തിയേറ്ററിന്റെ ഗേറ്റ്, ബാരി ഗേറ്റ്, ഇരുമ്പ് തൂണ്‍ എന്നിവയും തകര്‍ന്നിട്ടുണ്ട്. ഏകദേശം 25 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. തിയേറ്റര്‍ ഉടമയ്ക്ക് ഇന്‍ഷുറന്‍സ് വഴി ഈ തുക ക്ലെയിം ചെയ്യാന്‍ കഴിയില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിജയ് ആരാധകര്‍ ഇത്തരമൊരു രംഗം ഒരുക്കിയതാണ് ഇതിന് കാരണം.

തന്റെ പ്രിയപ്പെട്ട ആരാധകര്‍ ഈ കാട്ടിക്കൂട്ടലുകളൊക്കെ നടത്തിയിട്ടും വിജയ് ഇതുവരെ ഇതിനേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിജയ് രോഹിണി തിയേറ്റര്‍ ഉടമ പനീര്‍ശെല്‍വത്തെ നേരില്‍ വിളിച്ച് സംസാരിച്ചു. കേടുവന്ന സാധനങ്ങളുടെ വില വിജയ് നല്‍കുമെന്നും പറയപ്പെടുന്നു. കാരണം തിയറ്റര്‍ ഉടമയും വിജയുടെ കടുത്ത ആരാധകനാണ്. അതേസമയം സമാനരീതിയിലുള്ള സംഭവം തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ഒരു സിനിമയുമായി ബന്ധപ്പെട്ടും ഉണ്ടായി.

മഹേഷ് ബാബുവിന്റെ കടുത്ത ആരാധകര്‍ തിയേറ്റര്‍ തകര്‍ത്തപ്പോള്‍ അദ്ദേഹം വിഷയത്തില്‍ ഇടപെട്ട് മാപ്പ് പറയുക മാത്രമല്ല നഷ്ടപരിഹാരം നല്‍കി തീയേറ്റര്‍ ഉടമയെ സഹായിക്കുകയും ചെയ്തു. വിജയ് ഇത്തരമൊരു കാര്യം ചെയ്യാത്തതില്‍ പലരും നിരാശരാണ്. കാരണം മഹേഷ് ബാബുവിന്റെ പല ചിത്രങ്ങളും വിജയ് ഇവിടെ റീമേക്ക് ചെയ്തിട്ടുണ്ട്. മഹേഷിന്റെ ഗുണ്ടൂര്‍ കരം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മീനാക്ഷി ചൗധരിയെയാണ് വിജയ് ദളപതി 68 ല്‍ തനിക്കൊപ്പം അഭിനയിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. മഹേഷ് ബാബുവിനെ ഇങ്ങനെ കോപ്പിയടിച്ചാല്‍ മാത്രം പോരാ, ചില കാര്യങ്ങളില്‍ വായ തുറന്നാല്‍ മതിയെന്നും കമന്റുകള്‍ വന്നിട്ടുണ്ട്.