Sports

രാജസ്ഥാന്‍ റോയല്‍സിനെതിരേയും വന്‍ പരാജയം ; ഹര്‍ദികിന്റെ നായക കസേര ഇളകിത്തുടങ്ങി

തിങ്കളാഴ്ച ഐപിഎല്‍ 2024 മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വഴങ്ങിയ തോല്‍വി കൂടിയായതോടെ മുംബൈ ഇന്ത്യന്‍സില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കസേരയ്ക്ക് വലിയരീതിയില്‍ ഇളക്കം തട്ടിയിരിക്കുകയാണ്. ഒമ്പത് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതോടെ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെക്കുറിച്ച് വീണ്ടും ആശങ്ക ഉയരുകയാണ്.

രാജസ്ഥാനെതിരേ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഹാര്‍ദിക് 10 റണ്‍സ് മാത്രമാണ് നേടിയത്, ഒരു വിക്കറ്റ് പോലും വീഴ്ത്താതെ 4 ഓവറില്‍ 37 റണ്‍സ് വഴങ്ങുകയും ചെയ്തു. രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ ആക്കാനുള്ള മുംബൈ ഇന്ത്യന്‍സ് തീരുമാനം ആരാധകര്‍ കൂക്കുവിളിയോടെയാണ് സ്വീകരിച്ചത്. അഞ്ച് തവണ ചാമ്പ്യന്‍മാര്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ അവരുടെ അനിഷ്ടം ദിനംപ്രതി വളരുകയുമാണ്.

ഇതിന് പുറമേ ഹാര്‍ദിക് തന്റെ നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കാന്‍ നടത്തുന്ന എളുപ്പവഴികള്‍ പരിഹാസ്യമാകുകയും ചെയ്യുകയാണ്. ടൂര്‍ണമെന്റില്‍ മോശം പ്രകടനം തുടരുകയാണെങ്കില്‍, തന്റെ ടീമിന്റെ ഏറ്റവും ‘ദുര്‍ബലമായ കണ്ണി’ ആകാനുള്ള സാധ്യതയെ അദ്ദേഹം അഭിമുഖീകരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ വിശ്വസിക്കുന്നു.

”ഹര്‍ദികിന്റെ നിലവിലെ ഫോം ഇന്ത്യന്‍ ടീമിന് പോലും ആശങ്ക ഉയര്‍ത്തുന്നതാണ്. ഫോമിലേക്ക് മടങ്ങിവരാനുള്ള എളുപ്പവഴികള്‍ തേടുന്നതായും സ്വയം സുഖപ്രദമായ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായും തോന്നുന്നു. ഇങ്ങിനെ പോയാല്‍ അദ്ദേഹത്തിന് തന്റെ ടീമിന്റെയും സഹതാരങ്ങളുടെയും ബഹുമാനം പോലും നേടാന്‍ കഴിയില്ല.” പത്താന്‍ ഒരു വീഡിയോയില്‍ പറഞ്ഞു.

ബാറ്റര്‍മാര്‍ നന്നായി കളിക്കുമ്പോള്‍ മുന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വാശിപിടിച്ച് എത്തിയ ഹര്‍ദിക് ടീമിന് ആവശ്യമില്ലാത്തപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം താഴെയിറങ്ങുന്നു. ഏഴാം നമ്പറിലും മറ്റും ബാറ്റ് ചെയ്യാനെത്തി എളുപ്പം പുറത്താകുകയും ചെയ്യുന്നു. അതുപോലെ തന്നെ രാജസ്ഥാനെതിരേ ആദ്യ ഓവര്‍ എറിയാനുള്ള തീരുമാനവും വിമര്‍ശിക്കപ്പെടുന്നു. ബുംറെയെ മാറ്റി ബൗളിംഗ് സ്വയം തെരഞ്ഞെടുത്തത് ട്രെന്റ് ബോള്‍ട്ടിനെപ്പോലെയുള്ള ബാറ്റ്‌സ്മാന്മാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കാരണമാകുകയും ചെയ്‌തെന്ന് പത്താന്‍ വിമര്‍ശിക്കുന്നു.