കൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് വാടകക്കെടുത്ത് ലഹരി മരുന്നുവില്‍പ്പന നടത്തുന്ന സംഘം പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവതിയടക്കം നാലുപേര്‍ പിടിയിലായത് ലക്ഷങ്ങള്‍ വിലയുള്ള മാരക ലഹരിമരുന്നായ എക്സ്റ്റസി പില്‍സുമായാണ്. ഇതിന് പുറമെ എംഡിഎംഎയും കഞ്ചാവും. ലഹരിയുടെ വൈവിധ്യത്തിനൊപ്പം അത് ഉപയോഗിക്കാനുള്ള വിവിധ ഉപകരണങ്ങളുമടക്കം സര്‍വ സന്നാഹങ്ങളോടെയാണ് നാലംഗ സംഘത്തിന്റെ ഫ്ലാറ്റിലെ താമസം.
115 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം എം.ഡി.എം.എയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ് എന്നിവയുമായി യുവതിയടക്കം നാലുപേരാണു പിടിയിലായത്. മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് സ്വദേശികളായ സി.പി.അബു ഷാമില്‍, എസ്.കെ. ദിയ എന്നിവരെയാണു ഡാന്‍സാഫ് സംഘം അറസ്‌റ്റ് ചെയ്‌തത്.
ആളുകളെ നിരീക്ഷിച്ച ഡാന്‍സാഫ് സംഘത്തിന് മുന്നിലേക്ക് സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് രണ്ട് യുവാക്കള്‍ നടന്നുവരുന്നു. പന്തിയല്ലെന്ന് മനസിലാക്കിയ ഡാന്‍സാഫിലെ ഉദ്യോഗസ്ഥര്‍ ഇരുവരെയും സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ഇരുവരെയും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്ത യുവാക്കള്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. കലിപ്പ് മോഡിലേക്കുള്ള യുവാക്കളുടെ ഭാവമാറ്റം ലഹരിയുടെ സാന്നിധ്യംകൊണ്ടാണെന്ന് ഉറപ്പിച്ച ഉദ്യോഗസ്ഥര്‍ ഇവരുടെ താമസസ്ഥലം പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതാണ് അന്വേഷണത്തിലെ ടേണിങ് പോയിന്‍റ്.
പോലീസ് എത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്‌തതായാണു വിവരം.
കൊച്ചി നഗരത്തില്‍ സംശയമുള്ളവരുടെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന രഹസ്യപരിശോധനയുടെ ഭാഗമായാണ് ഇവരുടെ ഫ്‌ളാറ്റും പരിശോധിച്ചത്.
വൈറ്റിലയ്‌ക്കും കടവന്ത്രയ്‌ക്കും ഇടയിലുള്ള എളംകുളം മെട്രോ സ്‌റ്റേഷനു സമീപം ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നാണു ലഹരി പിടികൂടിയത്. ലഹരി വിതരണത്തിന്റെ വലിയൊരു ശൃംഖലയിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നാണു പോലീസിന്റെ പ്രാഥമികനിഗമനം. പിടിയിലായ ദിയ എം.ബി.എ. കഴിഞ്ഞു ജോലി ചെയ്യുകയാണ്. ഷാമില്‍ ബിടെക് പഠനം പൂര്‍ത്തിയാക്കി. ഇരുവരും കൊച്ചിയില്‍ ജോലിചെയ്യുകയാണ് ഇതിനിടയിലാണ് ലഹരിക്കച്ചവടം
പ്രതികളില്‍ ഒരാള്‍ വിദ്യാഭ്യാസ ആവശ്യത്തിനായി നഗരത്തിലെത്തിയതാണെന്നു പോലീസ് പറയുന്നു. കോഴിക്കോട് സ്വദേശികളായ ദിയയും അബു ഷാമിലും 201ാം നമ്പര്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് എട്ട് മാസം മുന്‍പാണ്. രണ്ട് പേരും ലിവിങ് ടുഗദര്‍ കൂട്ടിന് ലഹരിമരുന്ന്. ലഹരിമരുന്ന് വില്‍പന മാത്രമല്ല നല്ല രീതിയിലുള്ള ഉപയോഗവും ഫ്ലാറ്റിലുണ്ടെന്ന് കണ്ട കാഴ്ചകളില്‍ നിന്ന് വ്യക്തം.
ഇരുപതിനായിരം രൂപക്കു ഫ്‌ളാറ്റ് വാടകക്കെടുത്താണു ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ലഹരി പിടികൂടുന്നതിനായി ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ ബലപ്രയോഗത്തിലൂടെ വാതില്‍ അടയക്കാന്‍ ശ്രമിക്കുകയും പോലീസ് ആ നീക്കം തകര്‍ക്കുകയുമായിരുന്നു.
ഇതിനു പിന്നാലെ ഇവര്‍ ലഹരി വസ്‌തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. 115 ഗ്രാം എം.ഡി.എം.എ , 80 എക്സറ്റസി പില്ലുകള്‍ അടക്കമുള്ളവ ശുചിമുറിയില്‍ എറിഞ്ഞു നശിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പോലീസ് ഇതു തന്ത്രപരമായി വീണ്ടെടുക്കുകയായിരുന്നു. ലഹരിവസ്‌തുക്കള്‍ കൂടാതെ ഒന്നര ലക്ഷം രൂപയും പോലീസ് ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലഹരിക്കെതിരെയുള്ള പരിശോധനകള്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫ് സംഘം പരിശോധനകള്‍ ശക്‌തമാക്കിയിട്ടുണ്ട്. സംശയമുള്ളവരെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു പരിശോധനകള്‍. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സിനിമ പി.ആര്‍. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിന്‍സി മുംതാസ് അടുത്തിടെ എം.ഡി.എം.എ. കേസില്‍ ഫ്‌ളാറ്റില്‍നിന്ന് അറസ്‌റ്റിലായത്.




