Sports

മെസ്സി – ക്രിസ്ത്യാനോ പോരാട്ടം അവസാനിച്ചിട്ടില്ല ; ഫ്രീകിക്ക് ഗോളുകളില്‍ റൊണാള്‍ഡോയെ മറികടന്നു

യൂറോപ്യന്‍ ലീഗുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ര ശക്തമായ മത്സരം നേരിടാത്ത ലീഗുകളിലേക്കാണ് ഇതിഹാസ ഫുട്‌ബോള്‍താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും മെസ്സിയും പോയത്. എന്നാല്‍ അതുകൊണ്ട് ലോകഫുട്‌ബോളിലെ ഈ ഇതിഹാസങ്ങള്‍ തമ്മിലുള്ള മത്സരം അവസാനിപ്പിച്ചെന്ന് കരുതേണ്ട.

കഴിഞ്ഞമത്സരത്തില്‍ സ്വന്തം ടീമിനായി സ്‌കോര്‍ ചെയ്തപ്പോള്‍ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ മറികടന്ന് ലിയോണേല്‍ മെസ്സി റെക്കോഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. മേജര്‍ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയ യൂണിയനെതിരായ ആവേശകരമായ 3-3 സമനിലയില്‍ ഒരു തകര്‍പ്പന്‍ ഫ്രീ-കിക്ക് നേടിയാണ് മെസ്സി മറ്റൊരു റെക്കോഡ് കൂടി നേടി. ഫുട്‌ബോളിലെ 67-ാമത്തെ നേരിട്ടുള്ള ഫ്രീ-കിക്ക് ഗോളായിരുന്നു താരം നേടിയത്.

ലോകത്തെ കിടയറ്റ ഡെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റുകളുടെ എലൈറ്റ് പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം തുടങ്ങിയ ഇതിഹാസങ്ങളെയാണ് മെസ്സി മറികടന്നത്. 66 ഗോളുകളോടെ ഫ്രീ കിക്ക് ഗോളുകളുടെ കാര്യത്തില്‍ മെസ്സി ഇപ്പോള്‍ ചാര്‍ട്ടില്‍ ഒന്നാമതാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്് 64 ഗോളുകള്‍ ഉണ്ട്. മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മിയാമിയുടെ സഹ ഉടമയായ ഡേവിഡ് ബെക്കാമിനെയും ഫ്രീകിക്ക് പട്ടികയില്‍ മെസ്സി മറികടന്നു എന്നതാണ് ശ്രദ്ധേയം.



മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ 65 നേരിട്ടുള്ള ഫ്രീകിക്ക് ഗോളുകള്‍ നേടിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഫിലാഡല്‍ഫിയ യൂണിയനെ 3-3 ന് സമനിലയിലാക്കാന്‍ ഇന്റര്‍ മിയാമിയെ രണ്ട് ഗോളിന്റെ പരാജയത്തില്‍ നിന്ന് റാലിക്ക് സഹായിക്കുകയും ചെയ്തു. സീസണിലെ ആറാം ഗോളായിരുന്നു ഇത്. 2024 ഒക്ടോബറില്‍ അര്‍ജന്റീനയ്ക്കുവേണ്ടിയായിരുന്നു മെസ്സിയുടെ 66-ാം ഫ്രീകിക്ക്, ഇന്റര്‍ മിയാമിയുടെ സഹ-ഉടമസ്ഥനായ ഡേവിഡ് ബെക്കാമിനെ (65) മറികടന്ന് ബ്രസീലിന്റെ റൊണാള്‍ഡീഞ്ഞോയ്ക്കും അര്‍ജന്റീനയുടെ വിക്ടര്‍ ലെഗ്രോടാഗ്ലിക്കുമൊപ്പം മൂന്നാം സ്ഥാനത്തേക്ക് ടൈ ആയി.

ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡ് ബ്രസീലിന്റെ ജുനീഞ്ഞോയ്ക്കാണ്. 77 ഫ്രീകിക്ക് ഗോളുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. തൊട്ടുപിന്നില്‍ 70 ഡെഡ്‌ബോള്‍ ഗോളുകളുമയി ഫുട്‌ബോള്‍ രാജാവ് പെലെയാണ് രണ്ടാമത്. അര്‍ജന്റീനതാരം വിക്ടര്‍ ലെഗ്രോടാഗ്ലിയും ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോയും 66 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. ഇംഗ്‌ളണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും പ്രധാന താരമായിരുന്ന ബെക്കാം 65 ഗോളുകള്‍ നേടിയിട്ടുണ്ട്.