കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവില്‍ വിചാരണ കോടതി കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി പള്‍സര്‍ സുനിയുള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. രണ്ടാം പ്രതി മാർട്ടിൻ ആന്റണി മൂന്നാംപ്രതി ബി മണികണ്ഠൻ നാലാം പ്രതി വിജീഷ് അഞ്ചാം പ്രതി വടിംവാൾ സലിം ആറാം പ്രതി പ്രദീപ് എന്നിവരും ഇതേ ശിക്ഷ അനുഭവിക്കണം. പ്രതികളുടെ പ്രായം പരിഗണിച്ചുവെന്നാണ് കോടതി പറഞ്ഞത്. പിഴത്തുകയില്‍ 5ലക്ഷം രൂപ അതിജീവിതയ്ക്ക് കൊടുക്കണം.
റിമാന്‍ഡ് തടവ് അനുഭവിച്ചതുകൊണ്ട് ബാക്കിയുള്ള കാലയളവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പ്രതികളുടെ പ്രായവും പള്‍സര്‍ സുനി ഒഴികെയുള്ള മറ്റു പ്രതികള്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നതും കോടതി കണക്കിലെടുത്തു.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ജീവപര്യന്തം നൽകിയില്ലെങ്കിൽ എന്തുകൊണ്ടെന്ന കാരണം വ്യക്തമാക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി 20 വർഷമാണ് (കുറഞ്ഞ ശിക്ഷ) നൽകുന്നതെങ്കിലും കാരണം ശിക്ഷാവിധിയിൽ ബോധ്യപ്പെടുത്തണമെന്നും വ്യക്തമാക്കി. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയും മറ്റുപ്രതികളും ചെയ്ത ശിക്ഷയ്ക്ക് വ്യത്യാസമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.നടിയെ ആക്രമിച്ച കേസ് യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
അനുകൂല സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്ക് മാനസാന്തരത്തിന് അവസരമൊരുക്കണമെന്നും പ്രതിഭാഗം വാദിച്ചു.
എല്ലാ പ്രതികൾക്കും എതിരെ ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഐ ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങി മുഴുവൻ കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്ന ഏട്ടാം പ്രതി ദിലീപ് അടക്കമുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയിരുന്നു.
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തിൽവെച്ച് അതിക്രൂരമായ പീഡനം. ഇതിന് ശേഷം നടിയെ നടൻ ലാലിന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. നടൻ ലാൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎൽഎയും സംഭവം അറിഞ്ഞെത്തി. തുടർന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസിന് പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷൻ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൾസർ സുനിയാണ് ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും വ്യക്തമായി.




