Health

പിസിഒഡി ഉണ്ടോ? ഇനി ആശങ്ക വേണ്ട… ഈ 10 കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം

ഇന്ന് മിക്ക സ്ത്രീകളേയും ബാധിയ്ക്കുന്ന ഒരു രോഗാവസ്ഥയാണ് പിസിഒഡി എന്ന പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. സ്ത്രീകളിലെ പ്രത്യുല്‍പാദനവ്യവസ്ഥയെ വരെ ഈ രോഗം ദോഷകരമായി ബാധിക്കും. അണ്ഡാശയത്തില്‍ ചെറിയ സിസ്റ്റുകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങള്‍ ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നീ സ്ത്രീ ലൈംഗിക ഹോര്‍മോണുകളും ആന്‍ഡ്രജന്‍ എന്നറിയപ്പെടുന്ന പുരുഷ ലൈംഗിക ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കുന്നു. ഈ ഹോര്‍മോണുകള്‍ ആര്‍ത്തവചക്രത്തില്‍ അണ്ഡാശയത്തില്‍ അണ്ഡത്തിന്റെ രൂപീകരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ ലൈംഗിക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണു പിസിഒഡിയിലേക്കു നയിക്കുന്നത്. പിസിഒഡി ഉള്ള സ്ത്രീകള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം……

നന്നായി വെള്ളം കുടിക്കുക : ധാരാളം വെള്ളം കുടിക്കുന്നതു ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ആകെയുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

പതിവായ വ്യായാമം : ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതു പിസിഒഡിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. നടത്തം, യോഗ, നീന്തല്‍, എയറോബിക്‌സ് തുടങ്ങിയ വ്യായാമങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാനും ഹോര്‍മോണ്‍ ബാലന്‍സ് മെച്ചപ്പെടുത്താനും സഹായിക്കും. പേശികളുടെ ബലം വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങളും ഗുണകരമാണ്.

ആരോഗ്യഭക്ഷണം : ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതു വളരെ പ്രധാനമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മത്സ്യം, മാംസം, മുട്ട, ആരോഗ്യകരമായകൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃത ആഹാരം ശീലമാക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, റൊട്ടി, അരി, പാസ്ത, ഉരുളക്കിഴങ്ങ്, ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡെക്‌സുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഒഴിവാക്കുക.

മതിയായ ഉറക്കം : ശരിയായ ഉറക്കം ഹോര്‍മോണ്‍ ബാലന്‍സിനെ സ്വാധീനിക്കും. ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുന്നതു പിസിഒഡിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. ഉറക്കമില്ലായ്മ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കു കാരണമാകുകയും പിസിഒഡിയുടെ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

ശരിയായ ശരീരഭാരം : ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് ആര്‍ത്തവചക്രത്തിലെ അണ്ഡോല്‍പാദന ഘട്ടത്തെ പുനഃ സ്ഥാപിക്കുന്ന ഇന്‍സുലിന്‍ അളവ്, ആന്‍ഡ്രജന്‍ അളവ് എന്നിവ നിലനിര്‍ത്തുന്നതിനു സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നത് ആര്‍ത്തവചക്രം ക്രമീകരിക്കാനും സഹായിക്കും. ചെറിയ തോതിലുള്ള ഭാരം കുറയ്ക്കല്‍ പോലും വലിയ മാറ്റങ്ങള്‍ക്കു കാരണമായേക്കാം.

സമ്മര്‍ദം നിയന്ത്രിക്കുക : മാനസിക സമ്മര്‍ദം പിസിഒഡിയുടെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കാം. യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സമ്മര്‍ദം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ജങ്ക് ഫൂഡ് ഒഴിവാക്കുക : ജങ്ക്, എണ്ണമയമുള്ള /കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നു. ഇതു പിസിഒഡിയുടെ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ജങ്ക് ഫൂഡ്, എണ്ണമയമുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

കാപ്പി ഒഴിവാക്കുക : കാപ്പിയിലെ കഫീന്‍, ഈസ്ട്രജന്റെ അളവു വര്‍ധിപ്പിച്ചു ശരീരത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സംഭവിക്കാം. കാപ്പിക്കു പകരം ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എല്ലാം ശീലമാക്കാം. ഇന്‍സുലിന്‍ അളവു നിലനിര്‍ത്താനും, ശരീരഭാരം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ സഹായകമാകും.

പുകവലിയും മദ്യപാനവും : പുകവലിയും മദ്യപാനവും ഒഴിവാക്കുക. പുകവലിയും മദ്യപാനവും പിസിഒഡിയുടെ ലക്ഷണങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കാം. ഇവ പൂര്‍ണമായും ഒഴിവാക്കുന്നത് ആരോഗ്യത്തിനുഗുണകരമാകും.