Crime

ഊണുമുറക്കവും ഒന്നിച്ച്; 30വര്‍ഷത്തെ സൗഹൃദത്തിലേയ്ക്ക് പ്രതീക്ഷിക്കതെ ഒരു സ്ത്രീ; കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നതെന്തിന്?

കുഞ്ഞുന്നാളിലെ മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍. ഭക്ഷണവും കിടപ്പും ഒരുമിച്ച്. കോഴിക്കോട് സ്വദേശികളായ ജയരാജനേയും മഹേഷിനേയും കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇവിടെ നാട്ടുകാര്‍. മഹേഷിനെ കഴുത്തറുത്ത് കൊന്നശേഷം ജയരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. 30 വര്‍ഷത്തോളമായി സുഹൃത്തുക്കളായിരുന്ന ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തുകയായിരുന്നു.

51കാരനായ മഹേഷും 48കാരനായ ജയരാജനും അയല്‍വാസികളാണ് . കോയമ്പത്തൂരിലെ ബേക്കറിക്കച്ചവടം ലാഭകരമായതോടെ പലയിടത്തായി ഭൂമിയും കാറും ഇരുവരും വാങ്ങികൂട്ടി. ഇക്കഴിഞ്ഞ ദിവസമാണ് മഹേഷിനെ കൊലപ്പെടുത്തിയശേഷം ജയരാജന്‍ ജീവനൊടുക്കിയ വാര്‍ത്ത നാട്ടില്‍ അറിയുന്നത്. ‌

ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് നാട്ടുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജയരാജനാണ് മഹേഷിനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നത്. 20 വര്‍ഷത്തോളമായി ഇരുവരും കോയമ്പത്തൂരിലാണ്. ഈയിടെ കാറുമായി വരുമ്പോള്‍ അപകടമുണ്ടായിരുന്നു. ജയരാജിന് പരുക്ക് പറ്റി. ശേഷം തിരികെ കോയമ്പത്തൂരിലേക്ക് പോയതാണ് ഇരുവരുമെന്നും നാട്ടുകാരന്‍ പറഞ്ഞു. രണ്ട് മാസം മുന്‍പ് മഹേഷിന്റെ ജീവിത്തിലേയ്ക്ക് കടന്നുവന്ന ഒരു സ്ത്രീയുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നതില്‍ ദുരൂഹത തുടരുന്നു.

വിവാഹമോചിതയായ യുവതിയുമായി മഹേഷിനുള്ള ബന്ധത്തിന്റെ പേരില്‍ അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു .യുവതി ഇടയ്ക്കിടെ ബേക്കറിയിലും എത്തിയിയിരുന്നു. ജയരാജും ഈ ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് മഹേഷ് യുവതിയെ വിവാഹം കഴിച്ചു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാകാം മരണത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *