Featured Good News

അറുപത് ലക്ഷത്തിന്റെ ഫ്ലാറ്റിന്‌ പത്ത് ലക്ഷം മാത്രം ലോണ്‍; തൊഴിലുടമയെ ഞെട്ടിച്ച് വീട്ടുവേലക്കാരി

ആകാശംമുട്ടെ ഉയര്‍ന്ന പ്രോപ്പര്‍ട്ടി വിലകള്‍, അടച്ചുതീരാത്ത ഇഎംഐകള്‍, ഇന്റീരിയര്‍ അലങ്കാരങ്ങള്‍ക്കുള്ള അധികച്ചെലവുകള്‍. ഇന്ത്യയില്‍ സ്വന്തമായി ഒരു വീട് എന്നത് മിക്ക ആളുകളും പതിറ്റാണ്ടുകള്‍ ചെലവഴിക്കുന്ന സ്വപ്‌നമാണ്. സൂററ്റിലെ ഒരു കണ്ടന്റ് ക്രിയേറ്ററുടെ വീട്ടുജോലിക്കാരി 60 ലക്ഷം വിലമതിക്കുന്ന ഒരു 3 മുറി ഫ്‌ലാറ്റ് 10 ലക്ഷം വായ്പയെടുത്ത് വാങ്ങിയപ്പോള്‍, സോഷ്യല്‍ മീഡിയ ഒന്നടങ്കം അമ്പരന്നതിന് കാരണം തിരക്കി വേറെ പോകേണ്ട സാഹചര്യമില്ല.

ഇത് സാധാരണമായ ഒരു ‘സ്വപ്നഭവനം’ ഒരാള്‍ സ്വന്തമാക്കിയ ഒരു വെറും കഥയല്ല, മറിച്ച് സാമ്പത്തിക അച്ചടക്കം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഇന്ത്യാക്കാരെ പഠിപ്പിക്കുന്ന ഒരു പാഠം തന്നെയാണ്. നളിനി ഉനാഗര്‍ എന്ന കണ്ടന്റ് ക്രിയേറ്റര്‍ പങ്കുവെച്ച പ്രചോദനാത്മകമായ ഈ കഥ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരു ദിവസം രാവിലെ തന്റെ വീട്ടുജോലിക്കാരി സന്തോഷത്തോടെ കടന്നുവന്ന്, സൂറത്തില്‍ 60 ലക്ഷത്തിന്റെ ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതായി നിസ്സാരമായി സൂചിപ്പിച്ചു എന്ന് അവര്‍ പോസ്റ്റില്‍ കുറിച്ചു. അതുമാത്രമല്ല, അവര്‍ ഇതിനകം 4 ലക്ഷം ഫര്‍ണിച്ചറിനായി ചെലവഴിക്കുകയും, ഇതെല്ലാം വെറും 10 ലക്ഷം വായ്പയെടുത്ത് മാത്രം സാധിക്കുകയും ചെയ്‌തെന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയെന്ന് അവര്‍ പറഞ്ഞു.

കൂടുതല്‍ അറിയാന്‍ ആകാംക്ഷ തോന്നിയ നളിനി, തന്റെ വീട്ടുജോലിക്കാരി എങ്ങനെയാണ് ഇത് സാധിച്ചതെന്ന് ചോദിച്ചു. അപ്പോഴാണ് ഇത് അവരുടെ ആദ്യത്തെ പ്രോപ്പര്‍ട്ടി അല്ലെന്ന് മനസ്സിലാക്കിയത്. ആ സ്ത്രീക്ക് വേലഞ്ച ഗ്രാമത്തില്‍ (ഗുജറാത്ത്) ഇതിനകം വാടകയ്ക്ക് നല്‍കിയിട്ടുള്ള ഒരു ഇരുനില വീടും ഒരു കടയുമുണ്ട്. നളിനിക്ക് ഒന്നും പറയാന്‍ കഴിയാതെയായി, ഇന്റര്‍നെറ്റിലെ എല്ലാവരുടെയും പ്രതികരണം ഏകദേശം ഇതുതന്നെയായിരുന്നു. ഈ പോസ്റ്റ് പെട്ടെന്ന് വൈറലായി, ആ സ്ത്രീയുടെ മികച്ച സാമ്പത്തിക ആസൂത്രണം, സമ്പാദ്യ മനോഭാവം, നിശ്ശബ്ദമായ നിശ്ചയദാര്‍ഢ്യം എന്നിവയെ ഉപയോക്താക്കള്‍ അഭിനന്ദിച്ചു.

ഇത് മാജിക്കോ ഭാഗ്യമോ അല്ലെന്നും, ബുദ്ധിപരമായ സമ്പാദ്യവും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയതുമാണ് ഇതിന് പിന്നിലെന്ന് നളിനി വ്യക്തമാക്കി. വീട്ടുജോലി ചെയ്യുന്നവര്‍ പാവപ്പെട്ടവരാണെന്ന് സമൂഹം പലപ്പോഴും അനുമാനിക്കുന്നുണ്ടെന്നും, എന്നാല്‍ മറ്റുള്ളവര്‍ കഫേകളിലും, ഗാഡ്ജെറ്റു കളിലും, യാത്രകളിലും പണം ധൂര്‍ത്തടിക്കുമ്പോള്‍ പലരും പണം വിവേകത്തോടെ കൈകാര്യം ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ എടുത്തുപറഞ്ഞു.