ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറുകളില്‍ ഒന്ന് കണ്ട മത്സരത്തില്‍ യുഎഇ യെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ തുടങ്ങി. ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ വിജയമായി ഈ മത്സരം മാറി. യുഎഇ യെ കുറഞ്ഞ സ്‌കോറിന് പുറത്താക്കിയ ഇന്ത്യ 4.5 ഓവറില്‍ ലക്ഷ്യം മറികടന്നു. കുല്‍ദീപ് യാദവും ശിവം ദുബേയും എറിഞ്ഞു തകര്‍ത്തപ്പോള്‍ യുഎഇ 56 റണ്‍സിന് പുറത്തായി. കുല്‍ദീപ് യാദവ് നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശിവം ദുബേ മൂന്ന് വിക്കറ്റും വീഴ്ത്തി.
ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ പതറിപ്പോയ യുഎഇ നിരയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് രണ്ടക്കം പോലും കാണാനാകയത്. ഓപ്പണര്‍ ഷരാഫു നേടിയ 22 റണ്‍സായിരുന്നു ടോപ സ്‌കോര്‍. നായകനും ഓപ്പണറുമായ മുഹമ്മദ് വസീം 19 റണ്‍സുമായി പുറത്തായി.ബാക്കിയുള്ളവരൊന്നും അധികം സമയം ക്രീസില്‍ നിന്നത് പോലുമില്ല. കുല്‍ദീപ് യാദവ് 7 റണ്‍സിന് 4 വിക്കറ്റുകള്‍ വീഴ്ത്തി, അതില്‍ മൂന്നെണ്ണം അദ്ദേഹത്തിന്റെ രണ്ടാം ഓവറിലായിരുന്നു. ശിവം ദുബെ 4 റണ്‍സിന് 3 വിക്കറ്റുകള്‍ നേടി, ഇത് അദ്ദേഹത്തിന്റെ ടി20ക കരിയറിലെ മികച്ച പ്രകടനമാണ്. ഇന്ത്യ ആറ് ബൗളര്‍മാരെ ഉപയോഗിച്ചു, അതില്‍ അഞ്ച് പേരും വിക്കറ്റ് നേടി.
പവര്‍പ്ലേയില്‍ മൂന്ന് ഓവറുകള്‍ എറിഞ്ഞ ബുംറയും വരുണും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ഗില്‍ 20 റണ്‍സും അഭിഷേക് ശര്‍മ്മ 30 റണ്‍സും നായകന്‍ സൂര്യകുമാര്‍ യാദവ് ഏഴു റണ്‍സും എടുത്തു. മത്സരത്തില്‍ സഞ്ജുസാംസണെയും ഉള്‍പ്പെടുത്തി. മത്സരത്തിനിടെ രസകരമായ ഒരു സംഭവം അരങ്ങേറി. മൈതാനത്ത് വീണ ഒരു ടവലില്‍ ശ്രദ്ധ മാറിയതിനെ തുടര്‍ന്ന് ജുനൈദ് സിദ്ദിഖ് റണ്‍ ഔട്ടില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
12.3 ഓവറില്‍ ശിവം ദുബെ എറിഞ്ഞ ഷോര്‍ട്ട് ബോള്‍ സിദ്ദിഖ് പുള്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയത്ത്, ബൗള്‍ ചെയ്യാനായി ഓടിവന്നപ്പോള്‍ ബൗളറുടെ ശരീരത്തില്‍ നിന്ന് വീണ ടവലിലേക്ക് സിദ്ദിഖ് ചൂണ്ടി കാണിച്ചു. അതിനിടെ, ഇന്ത്യന്‍ ടീം റണ്‍ ഔട്ടിനായി അപ്പീല്‍ നല്‍കി. സ്‌ക്വയര്‍ ലെഗില്‍ നിന്നുള്ള ഒരു ഡയറക്ട് ഹിറ്റിന് ശേഷം തേര്‍ഡ് അമ്പയറെ വിളിച്ചു. റീപ്ലേകളില്‍, പന്ത് സ്റ്റമ്പില്‍ പതിക്കുമ്പോള്‍ സിദ്ദിഖ് ക്രീസിന് പുറത്തായിരുന്നെന്ന് വ്യക്തമായി. തുടര്‍ന്ന് സ്‌ക്രീനില്‍ ‘ഔട്ട്’ എന്ന് തെളിഞ്ഞു. എന്നാല്‍, ടവലില്‍ ശ്രദ്ധ മാറിയതിനാല്‍ സിദ്ദിഖ് ആശയക്കുഴപ്പത്തിലായെന്ന് മനസ്സിലാക്കിയ ഇന്ത്യന്‍ ടീം അപ്പീല്‍ പിന്‍വലിച്ചു.




