Celebrity

‘ഹോട്ടലില്‍ മുറിയെടുക്കാം, വരണമെന്ന് ആവശ്യപ്പെട്ടു; ‘അതവന്റെ കഴിവ്’, നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ മറുപടി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ച് യുവനടി. രാഹുല്‍ അയച്ച മെസേജുകളുടെ വിവരങ്ങള്‍ അവര്‍ അന്വേഷണ സംഘത്തിന് കൈമാറി.

സോഷ്യല്‍ മീഡിയയിലൂടെ മൂന്നരവര്‍ഷം മുന്‍പാണ് രാഹുലുമായി പരിചയത്തിലായതെന്നും, ആദ്യം മുതലേ ഇദ്ദേഹം അശ്ലീല മെസേജാണ് അയച്ചുവെന്നും റിനി വെളിപ്പെടുത്തി. ഇനിയും ശല്യപ്പെടുത്തിയാല്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പോയി പറയൂവെന്നായിരുന്നു മറുപടി. റിനി ആന്‍ ജോര്‍ജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം അവര്‍ ആവര്‍ത്തിച്ചു.

താന്‍ പലതവണ രാഹുലിനോട് ദേഷ്യപ്പെട്ടെന്നും, ഉപദേശിച്ചിട്ടും ഫലമുണ്ടായില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. അങ്ങനെയാണെങ്കില്‍ ഇതിലും വലിയ സ്ത്രീപീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയനേതാക്കന്‍മാര്‍ക്ക് ഇവിടെ എന്തു സംഭവിച്ചു എന്നായിരുന്നു യുവനേതാവിന്റെ മറുപടി. ഒരു ദിവസം ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് ആവശ്യപ്പെട്ടു, അന്ന് ക്ഷുഭിതയായി സംസാരിച്ചു, അതിനു ശേഷം കുറച്ചുകാലത്തേക്ക് പ്രശ്നമുണ്ടായിരുന്നില്ലെന്നും റിനി പറയുന്നു.

യുവനേതാവിന്റെ സ്വഭാവത്തെക്കുറിച്ച് ചില നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ ‘അതവന്റെ കഴിവ്’ എന്നായിരുന്നു മറുപടിയെന്നും റിനി പറയുന്നു. ഈ മറുപടി പറഞ്ഞ നേതാക്കന്‍മാരുടെ പേരും തല്‍ക്കാലം പറയുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോരാട്ടം തുടരുമെന്ന് ആരോപണം ഉന്നയിച്ച യുവ നടി. ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും സത്യസന്ധമാണെന്നും യുവ നടി സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു.

‘ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല. അത് സത്യസന്ധമാണ്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സാധാരണക്കാരായ സ്ത്രീകള്‍ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യം. നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്. മാറ്റം സമൂഹത്തിലാണ് വരേണ്ടത്. പോരാട്ടം തുടരുക തന്നെ ചെയ്യും. പതപ്പിക്കലുകാര്‍ക്കും വെളുപ്പിക്കലുകാര്‍ക്കും നക്കാപ്പിച്ച നക്കാം. പ്രത്യേകിച്ച് സദാചാര അമ്മച്ചിമാര്‍ക്ക്. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികള്‍ ഇല്ല എന്നതിനര്‍ത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലല്ലോ’, യുവനടി പറഞ്ഞു.