അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടവും പൊലീസും. മാല മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മർദ്ദനം നടത്തിയത്. കോഴിക്കോട് കൂടറഞ്ഞിയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ജോലി ചെയ്യാനുണ്ടെന്ന് പറഞ്ഞ് അസാമുകാരനായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ജോലി കഴിഞ്ഞതിനു ശേഷം ബോഡി മസാജിനായി വീട്ടുടമസ്ഥൻ നിര്‍ബന്ധിച്ചു. ഈ സമയം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാള്‍ ശ്രമം നടത്തിയതായി യുവാവ് പറയുന്നു.
ഇത് കണ്ട് പേടിച്ച് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടി. പന്തികേട് മണത്ത വീട്ടുടമസ്ഥൻ യുവാവ് ഓടുന്ന സിസിടിവി ദൃശ്യങ്ങളെടുത്ത് തന്റെ മാല ഇയാൾ മോഷ്ടിച്ചു കൊണ്ടുപോയി എന്ന ആരോപണം ഉന്നയിച്ചു. പിന്നാലെ ഓടിക്കൂടിയ നാട്ടുകാരും ഈ അസാമുകാരനെ മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസുകാരും തന്നെ മർദ്ദിച്ചു എന്ന് യുവാവ് പറയുന്നു.
പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. ഇയാളെ മർദ്ദിച്ചതിനു ശേഷമാണ് പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടുടമസ്ഥൻ മോശമായി പെരുമാറിയ വിവരം പുറത്താവുന്നത്. താൻ മാല മോഷ്ടിച്ചിട്ടില്ല എന്ന് പൊലീസിനോട് ഇയാള്‍ പറഞ്ഞു. പിന്നീട് പൊലീസ് ഈ വീട്ടുടമസ്ഥനെ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ കാണാതെ പോയെന്ന് പറഞ്ഞ സ്വർണ്ണമാല കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.




