പത്തനംതിട്ട: കോട്ടാങ്ങലില്‍ നഴ്‌സായ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി നസീറി(നെയ്‌മോന്‍)ന് ജീവപര്യന്തം തടവ്. ബലാല്‍സംഗത്തിന് 10 വര്‍ഷം തടവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷം തടവും. പ്രതി 3. 5 ലക്ഷം രൂപ പിഴയടയ്ക്കണം. പത്തനംതിട്ട ഡിസ്ട്രിക് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.പി. ജയകൃഷ്ണനാണു വിധി പ്രസ്താവിച്ചത്.
2019 ഡിസംബര്‍ മാസം 15 നാണ് നഴ്‌സായിരുന്ന 26 വയസുകാരിയെ ജീവിത പങ്കാളിയായ യുവാവിന്റെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപ്പത്തിലേ പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേറെ വിവാഹം കഴിച്ചു. എന്നാല്‍ ഇരുവരുടേയും ബന്ധങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് വീണ്ടും ഒരുമിച്ച് താമസിച്ചു വരികയുമായിരുന്നു. ആദ്യ ഘട്ടത്തില്‍ ആത്മഹത്യ എന്ന നിലയിലാണ് പെരുമ്പെട്ടി പോലീസ് കേസ് കൈകാര്യം ചെയ്തത്. യുവതിയുടെ ഒപ്പം താമസിച്ചിരുന്നയാളെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവാവ് നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. മര്‍ദിച്ച എസ്.ഐ: ഷെരിഫ് കുമാറിനെതിരെ കേസെടുക്കുകയും ചെയ്തു.
കേസിന്റെ ആദ്യ ഘട്ടത്തില്‍ ഒന്നാം സാക്ഷിയായ യുവാവിനൊപ്പം നിന്നയാളാണ് പ്രതി നസീര്‍. മീന്‍ കച്ചവടവും തടിക്കച്ചവടവും മറ്റും നടത്തിവന്നിരുന്ന നസീര്‍, സംഭവദിവസം യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതി വീട്ടില്‍ ഒറ്റയ്ക്കാണെന്നു മനസിലാക്കിയ പ്രതി അവരെ കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ തല കട്ടിലില്‍ ഇടിച്ച് ബോധം കെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കിടപ്പ് മുറിയിലെ ഹുക്കില്‍ കെട്ടിതൂക്കി കൊലപ്പെടുത്തി.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വസ്തനായ സാക്ഷിയായി ഒപ്പം നിന്ന നസീര്‍ കേസിന്റെ ആവശ്യത്തിനായി യുവാവില്‍നിന്നു യാത്രപ്പടി വാങ്ങി സാക്ഷിയായി കോടതിയിലും ഹാജരായിരുന്നു. എന്നാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ നസീര്‍ യുവതിയുടെ വീട്ടില്‍ വന്നതല്ലാതെ തിരികെ പോയത് ആരും കണ്ടിട്ടില്ലെന്നു ബോധ്യമായി.
നസീറിന്റെ രക്തസാമ്പിളടക്കം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ യുവതിയുടെ നഖത്തില്‍ നിന്ന് കിട്ടിയ ചര്‍മവും ശരീരത്തില്‍ നിന്ന് ലഭിച്ച ബീജവുമെല്ലാം നസീറിന്റെതാണെന്ന് തെളിയുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ 53 മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.: പ്രതാപന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. . കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ എല്ലാ തെളിവുകളും അംഗീകരിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചതെന്ന്, കേസില്‍ ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് പറഞ്ഞു.പ്രതി 3.5 ലക്ഷം രൂപ പിഴയടയ്ക്കാനും പിഴത്തുക യുവതിയുടെ ജീവിത പങ്കാളിക്കു നല്‍കാനും കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്.




