Featured Spotlight

പേരാവൂരില്‍ മത്സരിക്കാന്‍ കെ.കെ ശൈലജ; സണ്ണി ജോസഫിനെതിരെ കളത്തിലിറങ്ങും, തലശ്ശേരിയിൽ ഷംസീറിന് പകരം കാരായി രാജൻ?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി സി.പി.എം. ജില്ലാനേതൃത്വങ്ങള്‍ സമര്‍പ്പിച്ച പ്രാഥമികപട്ടികയില്‍ മുന്‍മന്ത്രി കെ.കെ. ശൈലജയുടെ പേരില്ല. കഴിഞ്ഞതവണ ശൈലജ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച മട്ടന്നൂരില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ആരായാലും ജയിക്കുമെന്നാണ്‌ ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തില്ല. യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കും.

പേരാവൂരില്‍ മത്സരിക്കാന്‍ കെ.കെ ശൈലജ. മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ശൈലജ ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി സ്വീകരിച്ചേക്കും. നിലവില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയായ ശൈലജയെ മാറ്റി പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ ധാരണയെന്നാണ് പുറത്തുവരുന്ന വിവരം

രണ്ടുതവണ തുടര്‍ച്ചയായി എം.എല്‍.എയായവരെ മൂന്നാമൂഴത്തിനു പരിഗണിക്കേണ്ടത്‌ ജയപരാജയം നിര്‍ണായകമാകുന്ന മണ്ഡലങ്ങളില്‍ മാത്രമെന്ന ധാരണയാണ്‌ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്‌. ആലപ്പുഴയില്‍ സി.എസ്‌. സുജാതയെ പരിഗണിക്കണമെന്നതാണ്‌ സംസ്‌ഥാനനേതൃത്വത്തിന്റെ നിലപാടെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ്‌ നല്‍കിയ പട്ടികയില്‍ സുജാതയുടെ പേരില്ല. മുന്‍മന്ത്രി ടി.എം. തോമസ്‌ ഐസക്‌ മത്സരിക്കണമെന്ന സംസ്‌ഥാനനേതൃത്വത്തിന്റെ ആഗ്രഹവും ജില്ലയില്‍നിന്നുള്ള പട്ടികയില്‍ പ്രതിഫലിച്ചില്ല. ഇതോടെ സംസ്‌ഥാനനേതൃത്വത്തിന്റെ ഇംഗിതപ്രകാരമുള്ള സ്‌ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ വീണ്ടും ചേരേണ്ട സാഹചര്യമാണ്‌.

അതേസമയം, നിലവില്‍ തലശ്ശേരി എംഎല്‍എയും സ്പീക്കറുമായ എ.എന്‍ ശംസീറിനെ ഇത്തവണ പരിഗണിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പകരം, തലശ്ശേരിയില്‍ കാരായി രാജനെ കളത്തിലിറക്കാനാണ് ധാരണ. തളിപ്പറമ്പില്‍ പി.കെ ശ്യാമളയും പൊന്നാനിയില്‍ എം.കെ സക്കീറും മത്സരിച്ചേക്കും. പിഎസ്‌സി മുന്‍ ചെയര്‍മാനാണ് സക്കീര്‍.

നാളെ മുതല്‍ സംസ്‌ഥാന സെക്രട്ടറിയടക്കം മുതിര്‍ന്നനേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റികള്‍ ചേരും. എട്ടിനു മുമ്പ്‌ സ്‌ഥാനാര്‍ഥിപ്പട്ടിക അന്തിമമാക്കാനാണ്‌ തീരുമാനം. എല്‍.ഡി.എഫിലെ സീറ്റ്‌ വിഭജനം സംബന്ധിച്ച്‌ സി.പി.എം-സി.പി.ഐ. ചര്‍ച്ച ഇന്നും നാളെയുമായി നടക്കും. മറ്റന്നാളോടെ സീറ്റ്‌ വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *