റായ്പുര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയശേഷം യുവതി മുങ്ങി. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ സ്വദേശിനിയായ മംഗൃത ഭഗത് ആണ് ഭര്‍ത്താവായ സന്തോഷ് ഭഗതി(43)നെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മകളെ വിളിച്ച് കൊലപാതകവിവരം പങ്കുവെച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി മുംബൈയിലേക്ക് മുങ്ങിയെന്നാണ് പോലീസിന്റെ സംശയം.
ദുൽദുല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭിൻജ്പൂർ ഗ്രാമത്തിൽ നടന്ന സംഭവം ഞായറാഴ്ച പ്രതി മകളെ വിളിച്ച് കൊലപാതകം സമ്മതിച്ചതോടെയാണ് പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞു.
പ്രതിയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതേത്തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. ഭര്‍ത്താവ് മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതി മൃതദേഹം പുതപ്പില്‍ പൊതിഞ്ഞു. തുടര്‍ന്ന് ട്രോളി ബാഗിനുള്ളിലാക്കി വീട്ടില്‍ സൂക്ഷിച്ചു. പിന്നാലെയാണ് മകളെ വിളിച്ച് കൊലപാതകവിവരം പങ്കുവെച്ചെന്നും പോലീസ് പറഞ്ഞു.
കൃത്യം നടത്തിയശേഷം കോര്‍ബയില്‍ താമസിക്കുന്ന മകളെയാണ് പ്രതി ഫോണില്‍വിളിച്ച് വിവരമറിയിച്ചത്. ”നിന്റെ അച്ഛനെ ഞാന്‍ കൊന്നു, മൃതദേഹം ട്രോളി ബാഗിലാക്കി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്” എന്നായിരുന്നു യുവതി മകളോട് പറഞ്ഞത്. ഇതുകേട്ടതോടെ മകളും ബന്ധുക്കളും വീട്ടിലെത്തി. പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചുവന്നനിറത്തിലുള്ള ട്രോളിബാഗ് കണ്ടെത്തി. ഇത് തുറന്നതോടെയാണ് ചോരയില്‍കുളിച്ച നിലയില്‍ സന്തോഷ് ഭഗതിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, പ്രതിയായ യുവതി സംഭവത്തിന് പിന്നാലെ നാടുവിട്ടെന്നാണ് പോലീസ് കരുതുന്നത്. മുംബൈയില്‍ ജോലിചെയ്യുന്ന യുവതി കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയതെന്നും ഇവര്‍ തിരികെ മുംബൈയിലേക്ക് തന്നെ മുങ്ങിയെന്നാണ് സംശയിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.




