Crime

സ്ത്രീകളെ വശീകരിക്കുന്ന ‘പള്ളിപ്പുറത്തെ അമ്മാവന്‍’; വീട്ടുവളപ്പിൽ സെബാസ്റ്റ്യൻ കുഴിച്ചുമൂടിയത് എത്രപേരെ?

നാലു സ്ത്രീകളുടെ തിരോധാന കേസില്‍ സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. ‘പള്ളിപ്പുറത്തെ അമ്മാവന്‍’ എന്നറിയപ്പെടുന്ന സെബാസ്‌റ്റ്യനെ കാണാന്‍ വന്‍ ആള്‍ക്കൂട്ടം. രാവിലെ പത്തിന്‌ തെളിവെടുപ്പിനായി കൊണ്ടുവരുമെന്നുള്ള വിവരം അറിഞ്ഞാണ്‌ പലരും എത്തിയത്‌. ആരെയും പോലീസ്‌ അകത്തേക്കു കടത്തിവിട്ടില്ല.

അന്വേഷണ സംഘം സെബാസ്‌റ്റ്യന്റെ വീട്ടിലേക്കുള്ള ഗേറ്റിനു മുന്‍വശവും വീടിന്റെ പരിസരവും റിബണ്‍ വലിച്ചു കെട്ടി നിയന്ത്രിച്ചു. ജനങ്ങള്‍ പുറത്ത്‌ റോഡിലും സമീപത്തെ വീടുകളുടെ പറമ്പിലുടെയും സെബാസ്‌റ്റ്യന്റെ വീടിന്റെ പരിസരത്തും തടിച്ചുകുടി. ഉച്ചക്ക്‌ ഒന്നിനാണ്‌ സെബാസ്‌റ്റ്യനുമായി പോലീസ്‌ ജിപ്പ്‌ എത്തിയത്‌.പുറത്ത്‌ കാത്തുനിന്നവര്‍ പലവഴികളിലായി വീടിന്റെ പരിസരത്തെത്തി.

വീടിന്റെ മുന്‍വശത്ത്‌ നിര്‍ത്തിയ ജീപ്പില്‍ നിന്നും സെബാസ്‌റ്റ്യനെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ ഇറക്കി തെളിവെടുപ്പിനായി കാടുപിടിച്ചു കിടക്കുന്ന ഭാഗത്തേക്ക്‌ കൊണ്ടുചെന്നു. പിന്നീട്‌ ഇവിടുത്തെ കാടുകളും പുല്ലുകള്‍ നിക്കം ചെയ്‌തും ടാങ്കുകളും കുളങ്ങളും കിണറുകളും എല്ലാം പരിശോധിച്ചാണ്‌ തെളിവുകള്‍ ശേഖരിച്ചത്‌.

ഈ സാഹചര്യത്തിലാണ് ഇതേ വീട്ടുവളപ്പിൽത്തന്നെ ഇനിയും അവശിഷ്ടങ്ങളുണ്ടാകുമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. ഇതോടെയാണ് കാണാതായ ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് ബന്ധമുള്ളതായുള്ള സംശയം പോലീസിനുണ്ടായത്.

സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യൻ പറഞ്ഞയിടങ്ങളിലും കെഡാവർ നായകൾ നൽകുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവിൽ ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സെബാസ്റ്റ്യൻ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന തെളിവുകൾ എന്നാണ് സൂചന.

2024 ഡിസംബറിൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനിൽ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ട് എന്നതിന്റെ പശ്ചാത്തലത്തിൽ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷണസംഘം വീണ്ടും ചികഞ്ഞുതുടങ്ങിയത്.