വാഹനങ്ങൾ നിറഞ്ഞ റോഡിലെ തിരക്കിനിടയിലേക്ക് ഓടിയെത്തി, ആംബുലൻസിന് പോകാന്‍ വഴിയൊരുക്കി കൈയടി നേടിയ പൊലീസ് ഉദ്യോഗസ്ഥയെ മറന്നോ?. തൃശൂർ നഗരത്തിരക്കിനിടയിലേക്ക് രോഗിയുമായെത്തിയ ആംബുലൻസിന് സിനിമാ സ്റ്റൈലില്‍ ഓടിക്കയറി മുന്നിലെ വാഹനങ്ങളെ വശങ്ങളിലേക്ക് മാറ്റി വഴിയൊരുക്കിയ തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അപർണ ലവകുമാർ.
ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിർഹണത്തിന്റെ മാതൃകയായി അപർണയുടെ സേവനത്തെ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും പ്രശംസിച്ചു.
ഏതാനും ആഴ്ചകൾ മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോള്‍ പുതിയൊരു ട്വിസ്റ്റ്. ആ സംഭവത്തിലെ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിരി . ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ച കേസിൽ ഡ്രൈവറെയും ആംബുലൻസിനെയും അധികൃതർ കസ്റ്റഡിയിലെടുത്ത്എ പിഴ ചുമത്തി.
ദൃശ്യങ്ങൾ പകർത്തിയതിലെ അസ്വാഭാവികത ശ്രദ്ധിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആംബുലൻസ് ഡ്രൈവറിലെത്തുന്നത്. ആംബുലൻസിന്റെ വലതുവശത്തു നിന്നാണ് ദൃശ്യം പകർത്തിയതെന്ന് മനസ്സിലാവുകയും തുടർന്ന് ആംബുലൻസ് ഏതെന്ന് അന്വേഷിക്കുകയുമായിരുന്നുവെന്ന് എം.വി.ഡി ഉദ്യോഗസ്ഥൻ ബിജു പി.വി പറഞ്ഞു. തുടർന്നാണ് ആംബുലൻസിൽ രോഗിയില്ലെന്ന വിവരം ലഭിച്ചത്. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ഇപ്പോൾ ഡ്രൈവർക്കെതിരെ കേസ് എടുത്തത്.
തിരക്കിനിടയിൽ ആംബുലൻസ് എത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥ ഓടിയെത്തി വഴിയൊരുക്കുകയായിരുന്നുവെന്നും, രോഗിയില്ലെന്ന് അവരോട് പറയാൻ സാവകാശം ലഭിച്ചില്ലെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു. സൈറൺ ഇട്ടിരുന്നില്ലെന്നും, എന്നാൽ, പിന്നീട് വീഡിയോ എഡിറ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വൈറൽ ആയതാണെന്നും ഡ്രൈവര്‍ പറഞ്ഞു. ആംബുലൻസ് ഡ്രൈവറെയും സഹായിയെയും പിഴ ഈടാക്കി വിട്ടയച്ചു.
താനല്ല, മറ്റാരോ ആണ് സൈറൺ ചേര്‍ത്ത് എഡിറ്റ് ചെയ്ത് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് വൈറൽ ആക്കിയതെന്ന് ഡ്രൈവർ ഫൈസൽ പറഞ്ഞു. ആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം, മറ്റൊരു രോഗിയെ എടുക്കാനുള്ള യാത്രക്കിടയിലായിരുന്നു ഈ സംഭവമെന്നും ഡ്രൈവർ പറഞ്ഞു.




