Featured Spotlight

‘ഗവർണർ ചിലത് വായിച്ചില്ല, ചിലത് കൈയിൽ നിന്നിട്ടു’; നയപ്രഖ്യാപനത്തിൽ വിട്ടഭാഗം വായിച്ച് മുഖ്യമന്ത്രി, നിയമസഭയില്‍ അസാധാരണ സംഭവങ്ങള്‍

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ച് നൽകിയ നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര ഗവൺമെന്റിനെതിരെയുള്ള കടുത്ത വിമർശനങ്ങളടങ്ങിയ 12, 15, 16 ഖണ്ഡികകളിലെ ചില ഭാഗങ്ങൾ ഗവർണർ മനഃപൂർവം ഒഴിവാക്കിയെന്നും പകരം സ്വന്തം നിലയ്ക്ക് ചിലത് കൂട്ടിച്ചേർത്തെന്നുമാണ് പ്രധാന ആരോപണം.

ഒരു മണിക്കൂർ 52 മിനിറ്റ് നീണ്ട പ്രസംഗം സാധാരണ നിലയിലാണ് അവസാനിച്ചതെങ്കിലും, തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച അസാധാരണമായ പ്രമേയം നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ ഔദ്യോഗിക രേഖയായി അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത ഭാഗങ്ങൾ നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഗവർണറുടെ ഈ നടപടി നിലനിൽക്കില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചതോടെ ഭരണഘടനാപരമായ തർക്കങ്ങൾക്കും ഇത് തുടക്കമിട്ടു.

ഗവർണറുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി വായിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും അതിൽ തിരുത്തലുകൾ വരുത്താൻ അദ്ദേഹത്തിന് അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ഇല്ലാത്ത അവകാശം ഗവർണർ പ്രയോഗിച്ചത് തെറ്റായ കീഴ്വഴക്കമാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. എന്നാൽ ഗവർണറെ വിമർശിക്കുമ്പോഴും മുഖ്യമന്ത്രിയുടേത് വെറുമൊരു രാഷ്ട്രീയ നാടകമാണെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ഗവർണറും സർക്കാരും തമ്മിലുള്ള ഈ പോര് ഭരണഘടനാപരവും നിയമപരവുമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതിനൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.