Oddly News

മഴയുംകൊടുങ്കാറ്റും, വെള്ളപ്പൊക്കത്തില്‍ പുല്ലില്ലാതായി; ചെമ്മരിയാട്ടിന്‍ കൂട്ടം തിന്നത് 100 കിലോ കഞ്ചാവ്…!!

അതിരൂക്ഷമായ വെള്ളപ്പൊക്കം കാരണം ഭക്ഷണത്തിനായി ഒന്നുമില്ലാതെ ആടുകള്‍ കഞ്ചാവ് ഭക്ഷിച്ച് വിചിത്രമായി പെരുമാറി. ഗ്രീസില്‍ നടന്ന സംഭവത്തില്‍ പുല്ലില്ലാതെ വന്നതിനെ തുടര്‍ന്ന് ഔഷധഗുണമുള്ള കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഒരു തോട്ടത്തിലേക്ക് ആടുകള്‍ അതിക്രമിച്ചു കയറുകയായിരുന്നു.

സെന്‍ട്രല്‍ ഗ്രീസിലെ തെസ്സാലിയിലെ വെള്ളപ്പൊക്കമുള്ള സമതലങ്ങളില്‍ മേയുകയായിരുന്ന ആടുകള്‍ അല്‍മിറോസ് പട്ടണത്തിനടുത്തുള്ള ഹരിതഗൃഹത്തിലേക്ക് അതിക്രമിച്ചു കടന്നത്. ആട്ടിന്‍കൂട്ടം 100 കിലോയിലധികം കഞ്ചാവ് ഭക്ഷിച്ചതായിട്ടാണ് വിവരം. ഉഷ്ണ തരംഗവും ഡാനിയല്‍ കൊടുങ്കാറ്റും മൂലം വ്യാപകകൃഷിനാശം നേരിട്ടിരിക്കെ അവശേഷിച്ച വിള തിന്ന് ആടുകള്‍ നാശം പൂര്‍ത്തിയാക്കി.

ആടുകള്‍ വിചിത്രമായി പെരുമാറിയത് ഒരു ആട്ടിടയന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് ഇവ ഭക്ഷിച്ചത് കഞ്ചാവാണെന്ന് മനസ്സിലായത്. ഈ മാസം മൂന്ന് ദിവസം തെസ്സാലിയിലൂടെ വീശിയടിച്ച ഡാനിയല്‍ കൊടുങ്കാറ്റും മഴയും നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രളയത്തിന് കാരണമായിരുന്നു. ഒരു ലക്ഷത്തിലധികം പക്ഷിമൃഗാദികളാണ് പ്രകൃതിദുരന്തത്തില്‍ ചത്തത്.