Lifestyle

വറ്റൽമുളക് പൂപ്പൽ വരാതെ സൂക്ഷിക്കാം; ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ…

കറികൾക്ക് രുചിയും ഗന്ധവും നൽകാൻ ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് സാധാരണയായി ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഇവയ്ക്ക് എരിവ് കൂടുതലായിരിക്കുമെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. കടകളിൽ നിന്ന് മുളക് വാങ്ങി വീട്ടിൽ പൊടിച്ചെടുക്കുന്നവരുമുണ്ട്. എന്നാൽ, ചിലപ്പോള്‍ വറ്റല്‍മുളക് വളരെ പെട്ടെന്ന് ചീത്തയായിപ്പോകാറുണ്ട്, പ്രത്യേകിച്ച് കുപ്പികളിൽ സൂക്ഷിക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്. ഇനി ആ ടെൻഷൻ വേണ്ട, ഉണക്കമുളക് കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്.

വറ്റല്‍മുളക് കേടുകൂടാതെ സൂക്ഷിക്കാൻ

വായു കടക്കാത്ത പാത്രങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക: ഉണക്കമുളക് വായു കടക്കാത്ത കണ്ടെയ്‌നറുകളിൽ അടച്ച് ഫ്രിഡ്ജിൽ വെക്കുക. ഇത് എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ ക്രിസ്പിയായി നിലനിൽക്കാൻ സഹായിക്കും. വെയിലത്ത് വെച്ച് നന്നായി ഉണക്കിയ ശേഷവും ഇങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

ഈർപ്പം ഒഴിവാക്കുക: ഉണക്കമുളകിൽ ഈർപ്പം തങ്ങിനിന്നാൽ പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, സ്റ്റൗവിനോ അടുപ്പിനോ സമീപം മുളകുകൾ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഈർപ്പമുള്ള സ്ഥലങ്ങളിൽ നിന്ന് മാറ്റി ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ഫ്രീസറിൽ സൂക്ഷിക്കുക: ഉണക്കമുളക് ഫ്രീസറിലും സൂക്ഷിക്കാവുന്നതാണ്. ഇത് തണുത്തു പോകില്ല. ഉണക്കമുളക് നന്നായി പൊതിഞ്ഞ് കുപ്പികളിൽ ഇട്ട് ഏകദേശം ഒരു വർഷത്തോളം ഫ്രീസറിൽ സൂക്ഷിക്കാൻ സാധിക്കും.

ഈ രീതികൾ ഉപയോഗിച്ചാൽ വറ്റല്‍മുളക് കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കറികളിൽ അതിന്റെ തനത് രുചിയും ഗന്ധവും നിലനിർത്താനും സാധിക്കും.