ടൊറന്റോ: അമേരിക്കന്‍ ഗായിക കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്രൂഡോയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഏതാനും ഫോട്ടോകളിലൂടെയാണു കാറ്റി പെറി ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമായി ഈ ബന്ധം പ്രഖ്യാപിച്ചത്. തുടര്‍ന്നു ട്രൂഡോയും ബന്ധം സ്ഥിരീകരിക്കുകയായിരുന്നു.
സമീപകാലത്ത് ജപ്പാനിലേക്ക് ഇരുവരും നടത്തിയ യാത്രയുടെ ചിത്രങ്ങളാണു കാറ്റി പുറത്തുവിട്ടത്. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയെയും ഭാര്യ യൂക്കോയെയും സന്ദര്‍ശിക്കാന്‍ ട്രൂഡോയോടൊപ്പം കാറ്റി പെറി എത്തിയതിന് തൊട്ടുപിന്നാലെയാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. കാറ്റി പെറിയെ ട്രൂഡോയുടെ പങ്കാളിയെന്നാണു കിഷിദ വിശേഷിപ്പിച്ചത്.
‘പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഞങ്ങള്‍ പലതവണ കണ്ടുമുട്ടിയിട്ടുണ്ട്. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു, ഒരുമിച്ച് കഠിനാധ്വാനം ചെയ്തു. ഈ സൗഹൃദം ഇപ്പോഴും നിലനിര്‍ത്താന്‍ കഴിയുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്’- കിഷിദ എഴുതി. 2023 ലാണു ജസ്റ്റിന്‍ ട്രൂഡോ ഭാര്യ സോഫിയുമായി പിരിഞ്ഞത്. 2005 ലായിരുന്നു അവരുടെ വിവാഹം. റസല്‍ ബ്രാന്‍ഡായിരുന്നു കേറ്റിയുടെ ആദ്യ ഭര്‍ത്താവ്.
രണ്ട് വര്‍ഷം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. പിന്നീട് ഒര്‍ലാന്‍ഡോ ബ്ലൂമിനെ പങ്കാളിയാക്കി. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹവുമായി പിരിഞ്ഞത്. 41 വയസാണു കേറ്റിക്ക്. ട്രൂഡോയ്ക്ക് 54 വയസും. ട്രൂഡോയും പെറിയും ഒക്‌ടോബര്‍ 25ന് പാരീസില്‍വച്ച് ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.




