Movie News

കാര്‍ത്തിയുടെ ‘കൈദി’ ക്ക് പ്രചോദനമായത് ഈ ഹോളിവുഡ് സിനിമ ; രണ്ടാം ഭാഗം ഈ വര്‍ഷം അവസാനം

ലോകേഷ് കനകരാജ് നല്‍കിയ കൈദിയുടെ ആവേശം ഇപ്പോഴും ചോര്‍ന്നിട്ടില്ല. യൂട്യുബിലും ചാനലിലും ഇപ്പോഴും സിനിമ കാണുന്നവര്‍ ഏറെയാണ്. അതുകൊണ്ടു തന്നെയാണ് അതിന്റെ രണ്ടാംഭാഗത്തിന് ഇത്ര ആകാംഷ ജനിക്കുന്നതും. ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് മടങ്ങുന്ന ഒരു നിഗൂഡ വ്യക്തിയെയും ഒരു മയക്കുമരുന്ന് ഗുണ്ടാസംഘത്തെയും ചുറ്റിപ്പറ്റി നടക്കുന്ന കഥയുടെ ആക്ഷന്‍ പായ്ക്ക്ഡ് ത്രില്ലറിനെക്കുറിച്ചുള്ള ഏറ്റവും ആവേശം പകരുന്ന വര്‍ത്തമാനം സിനിമയുടെ നിര്‍മ്മാതാവ് പുറത്തുവിട്ടിരിക്കുകയാണ്.

സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് നേരത്തേ തന്നെ പറഞ്ഞിട്ടുള്ള രണ്ടാംഭാഗം ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഒരു പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു ‘കൈദി 2’ന്റെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞതായി വെളിപ്പെടുത്തി. വാസ്തവത്തില്‍, ‘കൈദി 2’ ന്റെ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ ഒരു മാസം മുമ്പ് ആരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. നിലവില്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ഒരു പോലീസ് ഡ്രാമ കാര്‍ത്തി അടുത്തമാസം മുതല്‍ ആരംഭിക്കും. ആ ചിത്രം പൂര്‍ത്തിയാക്കി, അദ്ദേഹം ‘കൈദി 2’ ന്റെ ജോലി ആരംഭിക്കും.

ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ‘കൈദി’ വന്‍ വിജയമായിരുന്നു. ഹോളിവുഡ് ആക്ഷന്‍ഹീറോ ബ്രൂസ് വില്ലിസ് നായകനായ ‘ഡൈ ഹാര്‍ഡ്’ എന്ന സിനിമയില്‍ നിന്നാണ് കാര്‍ത്തിയും നരേനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കൈദി ക്ക് തനിക്ക് പ്രചോദനം കിട്ടിയതെന്നാണ് ലോകേഷ് കനകരാജ് നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. കൈദിയെ വേറിട്ടുനിര്‍ത്തിയ അനേകം ഘടകങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നാമത്തേത് അതില്‍ സ്ത്രീ കഥാപാത്രങ്ങളൊന്നും ഇല്ലെന്നതാണ്. രണ്ടാമത്തെ കാര്യം ഒരു രാത്രി നടക്കുന്നതായിട്ടാണ് സിനിമ.