മലയാളത്തിലെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റമ്പാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് തിങ്കളാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടക്കുകയുണ്ടായി. വലിയ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാറിന്റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ.ഒരു കൈയ്യിൽ തോക്കും, മറുകയ്യിൽ ചുറ്റികയുമായി നിൽക്കുന്ന പടത്തോടെയാണ് റമ്പാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. എന്തും നേരിടാൻ ഒരുക്കമുള്ള പൗരുഷത്തിന്റെ പ്രതീകമായിത്തന്നെ ഈ കഥാപാത്രത്തെ ഈ ഫോട്ടോയിലൂടെ മനസ്സിലാക്കാം.
എട്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് ജോഷി – മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. നിരവധി പ്രത്യേകതകളും, കൗതുകങ്ങളും കോർത്തിണക്കിയുള്ള ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ജോസാണ്. ചെമ്പോക്കി മോഷൻ പിക്ച്ചേർസ്, ഐൻസ്റ്റിൻ മീഡിയാ പ്രസന്റ്സ് നെക്ക് സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക് പോൾ, ശൈലേഷ്.ആർ.. സിങ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ മുടക്കുമുതലിൽ ഒരുക്കുന്ന ഒരു പാൻ ഇൻഡ്യൻ ചിത്രമായിരിക്കുമിത്. മലയാളത്തിനു പുറമേ, ബോളിവുഡ്ഡിലേയും, വിദേശങ്ങളിലേയും അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ബഹു ഭൂരിപക്ഷവും അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കുറച്ചു ഭാഗങ്ങൾ കേരളത്തിലുമുണ്ട്. ചലച്ചിത പ്രവർത്തകരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും അടങ്ങിയ വലിയൊരു ചടങ്ങിലാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നത്.
ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരാണ് ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് – ഓസ്ട്രേലിയായിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് കല്യാണി പണിക്കർ അഭിനയരംഗത്തെത്തുന്നത്. സംഗീതം – വിഷ്ണുവിജയ് ‘ഛായാഗ്രഹണം – സമീർ താഹിർ . എഡിറ്റിംഗ് – വിവേക് ഹർഷൻ. നിർമ്മാണ നിർവ്വഹണം – ദീപക് പരമേശ്വരൻ.വാഴൂർ ജോസ്.ഫോട്ടോ – അനൂപ് ചാക്കോ .