ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ കളിച്ച ഏതെങ്കിലും ടീമിന്റെ ഭാഗമായിരുന്നില്ലെങ്കിലും പ്രമുഖ ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ക്രിക്കറ്റില്‍ ലോകറെക്കോഡ് ഇട്ടു. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പിന്റെ 2023-25 സൈക്കിള്‍ അവസാനിച്ചപ്പോള്‍ ലോകടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നിലധികം സൈക്കിളുകളുടെ ടോപ്പ് സ്‌കോററായി ഫിനിഷ് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി റൂട്ട് മാറി.
2023-25 സൈക്കിളിലെ ടോപ് സ്‌കോററായ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ 22 മത്സരങ്ങളില്‍ നിന്ന് 1968 റണ്‍സ് നേടി ഏഴ് സെഞ്ച്വറികള്‍ക്കൊപ്പം 54.66 ശരാശരിയില്‍ ഫിനിഷ് ചെയ്തു. ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയ 2021-23 ലും സൈക്കിളിലെ മുന്‍നിര റണ്‍ നേട്ടക്കാരനായിരുന്നു. ന്യൂസിലന്റ് കപ്പ് ഉയര്‍ത്തിയ ആദ്യ ലോകകപ്പിലും ജോ റൂട്ട് ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും രണ്ടാമതായിരുന്നു. കഴിഞ്ഞദിവസം ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക കപ്പുയര്‍ത്തിയതോടെ ബാക്ക്-ടു-ബാക്ക് സൈക്കിളുകളില്‍ റണ്‍ നേടുന്നവരുടെ പട്ടികയില്‍ ഒന്നാമതെത്തുന്ന ആദ്യ ബാറ്ററായി റൂട്ട്.
ഒരു ഡബ്ല്യുടിസി സൈക്കിളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സ്വന്തം റെക്കോര്‍ഡും റൂട്ട് തകര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇംഗ്ലണ്ട് ഇതിഹാസത്തിന്റെ തിളക്കം ഉണ്ടായിരുന്നിട്ടും, ബെന്‍ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിലെത്തുന്നതില്‍ പരാജയപ്പെടുകയും പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു. മെഗാ ഇവന്റിന്റെ ഫൈനലില്‍ എത്താനും ഇംഗ്‌ളണ്ടിനായിട്ടില്ല.
ഡബ്ല്യുടിസി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (5543), സെഞ്ച്വറി (18) എന്നീ റെക്കോര്‍ഡുകളും റൂട്ടിന്റെ പേരിലാണ്. 5000 റണ്‍സിന് മുകളില്‍ മറ്റൊരു കളിക്കാരനും ഇല്ല. മൂന്ന് ലോകകപ്പിലും മൂന്ന് ചാംപ്യന്മാരാണ് ഉയര്‍ന്നുവന്നത്. ആദ്യ പതിപ്പില്‍ ന്യൂസിലന്റും രണ്ടാം പതിപ്പില്‍ ഓസ്‌ട്രേലിയയും കപ്പുയര്‍ത്തിയപ്പോള്‍ രണ്ടുതവണ ഫൈനല്‍ കളിച്ചിട്ടും ഇന്ത്യയ്ക്കും കപ്പില്‍ തൊടാന്‍ കഴിഞ്ഞിട്ടില്ല.




